പ്രജ്വലിനെതിരെ പ്രതിഷേധിക്കാന്‍ ആളുകളെ ഇറക്കുന്നു; പിന്നില്‍ ഡി.കെ. ശിവകുമാറെന്ന് കുമാരസ്വാമി
national news
പ്രജ്വലിനെതിരെ പ്രതിഷേധിക്കാന്‍ ആളുകളെ ഇറക്കുന്നു; പിന്നില്‍ ഡി.കെ. ശിവകുമാറെന്ന് കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 5:01 pm

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ ഹാസന്‍ മണ്ഡലത്തിലെ സിറ്റിങ് എം.പിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായി എച്ച്.ഡി. കുമാരസ്വാമി.

ഹാസനില്‍ പ്രജ്വലിനെതിരെ പ്രതിഷേധിക്കാന്‍ കര്‍ണാടക കോണ്‍ഗ്രസ് വിവിധ സംഘടനകളെ സംസ്ഥാനത്ത് ഇറക്കുന്നതായി കുമാരസ്വാമി ആരോപിച്ചു. ഈ സംഘടനകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആണോയെന്നതില്‍ സംശയമുണ്ടെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

ചില സര്‍ക്കാര്‍ അധികാരികളില്‍ നിന്നാണ് ഈ വിവരങ്ങള്‍ അറിഞ്ഞത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട വീഡിയോകള്‍ പുറത്തുവിട്ടതിനും പ്രചരിപ്പിച്ചതിനും പിന്നില്‍ ഡി.കെ. ശിവകുമാര്‍ ആണെന്നും കുമാരസ്വാമി ആരോപിച്ചു. ഇതിനുമുമ്പും മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച്.ഡി. കുമാരസ്വാമി ഇതേ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയോട് കേസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരസ്വാമി രംഗത്തെത്തിയിരുന്നു. ബെംഗളൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു എച്ച്.ഡി. കുമാരസ്വാമിയുടെ അഭ്യര്‍ത്ഥന. കുടുംബത്തിന്റെ അന്തസ്സ് ഓര്‍ത്ത് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നായിരുന്നു കുമാരസ്വാമിയുടെ ആവശ്യം.

എച്ച്.ഡി. ദേവഗൗഡയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആദരവുണ്ടെങ്കില്‍ ഉടന്‍ തിരിച്ചെത്തി അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണം. സംഭവം പുറത്തുവന്നതിന് പിന്നാലെ എച്ച്.ഡി. ദേവഗൗഡ രാജ്യസംഭാംഗത്വം രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു.

‘കുറ്റം ചെയ്ത എല്ലാവര്‍ക്കെതിരെയും കര്‍ശനമായ നടപടിയെടുക്കണം. ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കേണ്ടതാണ്. നിരവധി സ്ത്രീകള്‍ ആണ് ഇതില്‍ ഇരയാക്കപ്പെട്ടിട്ടുള്ളത്. അവര്‍ക്കെല്ലാം നീതി ലഭിക്കണം,’ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ കേസിനെ കുറിച്ച് ദേവഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് പ്രജ്വല്‍ രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ പ്രജ്വല്‍ രേവണ്ണ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു നടപടി.

Content Highlight: HD Kumaraswamy says that the Karnataka government is conspiring against Prajwal Revanna