| Tuesday, 29th May 2018, 3:56 pm

ശ്വാസം കഴിക്കാന്‍ സമയം തരൂ, മൂന്ന് ദിവസം കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും; ബി.ജെ.പിയോട് കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഭരണത്തിലേറി അഞ്ചു ദിവസം തികയുന്നതിനുമുന്‍പേ പ്രതിപക്ഷത്തു നിന്നും ആദ്യ വെല്ലുവിളി നേരിടുകയാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

തെരഞ്ഞെടുപ്പിന് മുന്‍പേ വാഗ്ദാനം ചെയ്തതനുസരിച്ച് 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളേണ്ടതാണെന്നും, ഇതുവരെ അതിനാവശ്യമായ നടപടികളൊന്നുംതന്നെ കൈക്കൊണ്ടിട്ടില്ലെന്നുമാണ് പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ ബി എസ് യെദിയൂരപ്പയുടെ ആരോപണം.

സ്ഥാനമേറ്റ് 24 മണിക്കൂറിനുള്ളില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുള്ള കാര്‍ഷിക കടങ്ങള്‍ പലിശ സഹിതം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

ഇതിനുള്ള നീക്കങ്ങള്‍ ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.

കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനായുള്ള പദ്ധതികള്‍ തയ്യാറാണെന്നും, ബുധനാഴ്ച നടക്കാനിരിക്കുന്ന പത്രസമ്മേളനത്തില്‍ ഇത് വിശദമായി ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി പറയുന്നു.


Dont Miss സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


“എനിക്കു നിങ്ങള്‍ ശ്വാസം കഴിക്കാന്‍ അല്പം സമയം തരൂ. കടങ്ങള്‍ എഴുതിത്തള്ളുകതന്നെ ചെയ്യും. രണ്ടു മൂന്നു ദിവസത്തെ സാവകാശമാണ് ഞാന്‍ ചോദിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിഷേധസൂചകമായി ബി.ജെ.പി സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തെ മിക്ക കര്‍ഷക സംഘടനകളും ബന്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. കുമാരസ്വാമിക്ക് തീരുമാനമെടുക്കാന്‍ ആവശ്യമായ സമയം നല്‍കാന്‍ തയ്യാറാണെന്ന് കര്‍ഷക യൂണിയന്‍ നേതാവ് കോടിഹള്ളി ചന്ദ്രശേഖര്‍ പറയുന്നു.

ജെ.ഡി.എസ്സും കോണ്‍ഗ്രസ്സും സംയുക്തമായി തീരുമാനമെടുത്ത് പ്രഖ്യാപനം നടത്തണമെന്നും, എത്ര സമയമെടുത്തിട്ടായാലും കര്‍ഷകര്‍ക്കു നല്‍കിയ വാഗ്ദാനത്തില്‍ ഉറച്ചു നില്‍ക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

We use cookies to give you the best possible experience. Learn more