ബെംഗളൂരു: ഭീഷണിയാകും എന്ന് കരുതുന്ന പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി വേട്ടയാടുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.
‘ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കു ശേഷം ഒരു ദിവസം പോലും വിശ്രമം അനുവദിച്ചിട്ടില്ല. എന്നിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു ഡി.കെ ശിവകുമാര്‍ സഹകരിച്ചില്ലെന്ന്’- കുമാരസ്വാമി ട്വീറ്റ് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ഇന്ന് കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധം നടത്തും. ശിവകുമാറിന് ജനതാദള്‍ എസും പിന്തുണ അറിയിച്ചിട്ടുണ്ട്.
വൊക്കലിഗ സമുദായ സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തും. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെംഗളൂരു, മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറിഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ശിവകുമാര്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ആദ്യഘട്ടത്തില്‍ നല്‍കുന്ന വിശദീകരണം. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ആരോപിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെ അറസ്റ്റിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ വൈര്യമാണെന്നാണ് ശിവകുമാര്‍ പ്രതികരിച്ചത്. തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുത്. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരുമെന്നും ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.
ഒടുക്കം തന്നെ അറസ്റ്റ് ചെയ്യിക്കാന്‍ കഴിഞ്ഞതില്‍ തന്റെ ബി.ജെ.പി സുഹൃത്തുക്കളെ അഭിനന്ദിക്കുകയാണെന്നും ബി.ജെ.പിയെ പരിഹസിച്ച് കൊണ്ട് ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.
ALSO WATCH