ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി ബി.ജെ.പി നേതാവ് യെദിയൂരപ്പ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ആരോപണം.
ജെ.ഡി.എസ് നേതാവ് കുമാര സ്വാമിയാണ് ആരോപണവുമായി രംഗത്തുവന്നത്. അര്‍ധ രാത്രി ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.
മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് പാര്‍ട്ടി ഒഴിവാക്കിയതിന് പിന്നാലെ നേതൃത്വവുമായി യെദിയൂരപ്പ അത്ര നല്ല ബന്ധത്തിലല്ല ഉള്ളത്. ഈ ഒരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നാരോപിച്ച് കുമാര സ്വാമി രംഗത്തുവന്നത്.
എന്നാല്‍, ആരോപണം തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
വ്യക്തിപരമായി ഇന്നുവരെ താന്‍ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
വ്യക്തിപരമായോ പ്രതിപക്ഷ നേതാവ് എന്ന നിലയിലോ താന്‍ യെദിയൂരപ്പയെ കണ്ടിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യക്ക് പിന്നാലെ യെദിയൂരപ്പയും കുമാര സ്വാമിയുടെ ആരോപണത്തെ എതിര്‍ത്ത് രംഗത്തുവന്നു.
താന്‍ ഒരിക്കലും ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പോവില്ലെന്നും ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നാണ് ലക്ഷ്യമെന്നുമാണ് യെദിയൂരപ്പ പറഞ്ഞത്.