| Wednesday, 22nd May 2019, 8:58 pm

വെള്ളിയാഴ്ച വരെയേ കുമാരസ്വാമി മുഖ്യമന്ത്രി പദവിയിലിരിക്കൂ; ഭീഷണിയുമായി കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ വെള്ളിയാഴ്ച വരെ മാത്രമേ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രി പദവിയിലിരിക്കൂവെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.

ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സര്‍ക്കാരില്‍ അസംതൃപ്തരാണ്. അതുകൊണ്ട് മുഖ്യമന്ത്രി പദവി വിട്ടിറങ്ങാന്‍ കുമാരസ്വാമി നിര്‍ബന്ധിതനാകുമെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി നാളെ വൈകിട്ടോ വെള്ളിയാഴ്ച രാവിലെ വരെയോ മാത്രമാണു മുഖ്യമന്ത്രി പദവിയില്‍ തുടരുകയെന്നായിരുന്നു ഗൗഡയുടെ പ്രസ്താവന. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെയും കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഗുണ്ടു റാവുവിനുമെതിരെ കഴിഞ്ഞദിവസം രൂക്ഷവിമര്‍ശവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ റോഷന്‍ ബെയ്ഗ് രംഗത്തെത്തിയിരുന്നു. കെ.സി വേണുഗോപാല്‍ ബഫൂണ്‍ ആണെന്നായിരുന്നു റോഷന്‍ ബെയ്ഗ് പറഞ്ഞത്. ‘ എന്റെ നേതാവായ രാഹുല്‍ ഗാന്ധി ജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും”- എന്നായിരുന്നു റോഷന്‍ പ്രതികരിച്ചത്.

ബെയ്ഗ് മാത്രമല്ല, ഒട്ടേറെ കോണ്‍ഗ്രസുകാര്‍ അസന്തുഷ്ടരാണെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു വിഭജിതഭവനമാണെന്നും ഗൗഡ ആരോപിച്ചു. ആര്‍ക്കും പുറത്തുവന്നു സംസാരിക്കാന്‍ ധൈര്യമില്ലായിരുന്നു. പക്ഷേ, ഇന്നലെ റോഷന്‍ ബെയ്ഗ് സത്യം പറഞ്ഞു. ഇതുപോലെ പലരും കോണ്‍ഗ്രസിനെതിരെ സംസാരിക്കാന്‍ കാത്തിരിപ്പുണ്ടെന്നും ഗൗഡ പറഞ്ഞു.

കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍ 37 സീറ്റ് നേടിയ ജെ.ഡി.എസ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. അതിനുശേഷം പല കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കളും സര്‍ക്കാരില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതില്‍ പ്രതിഷേധിച്ച് താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്നു പോലും ഒരുഘട്ടത്തില്‍ കുമാരസ്വാമി ഭീഷണി മുഴക്കിയിരുന്നു.

എന്‍.ഡി.എ വീണ്ടും ഭരണത്തിലെത്തുമെന്ന തരത്തിലുള്ള എക്‌സിറ്റ് പോളുകളാണു കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. കര്‍ണാടകയില്‍ 20-28 സീറ്റുകള്‍ ബി.ജെ.പി നേടുമെന്നായിരുന്നു പല പ്രവചനങ്ങളും.

Latest Stories

We use cookies to give you the best possible experience. Learn more