|

ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എന്തുകൊണ്ട് ഭീകരവാദം ഉണ്ടായിരുന്നില്ല?; ഇപ്പോള്‍ മാത്രം എന്തുകൊണ്ട് ഉണ്ടാവുന്നു: എച്ച്.ഡി കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവാതിരുന്നത് എന്തുകൊണ്ടായിരുന്നെന്നും എച്ച്.ഡി കുമാരസ്വാമി ചോദിച്ചു.

“എന്തുകൊണ്ട് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നില്ല?. ഇപ്പോള്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?. അതിനെകുറിച്ച് വളരെ ഗൗരവമായി ചിന്തിക്കണം.” മൈസൂരില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഇന്ത്യാ-പാക് സംഘര്‍ഷം; ബി.ജെ.പിയെ വിമര്‍ശിച്ച പ്രൊഫസറെ മുട്ടിലിരുത്തി മാപ്പ് പറയിച്ച് എ.ബി.വി.പി- വീഡിയോ

“കശ്മീരിലേക്ക് പോകാന്‍ പ്രധാനമന്ത്രി മോദിക്ക് പല തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ആവശ്യമാണ്. എന്നാല്‍, ഇന്ത്യ – പാക് അതിര്‍ത്തിയിലേക്ക് തുറന്ന ജീപ്പില്‍ സഞ്ചരിച്ച മറ്റൊരു പ്രധാനമന്ത്രി രാജ്യത്ത് വേറെയുണ്ടോ? ദേവഗൗഡയല്ലാതെ.”
ഇത്തരം വസ്തുതകള്‍ മറക്കരുത്. കുമാരസ്വാമി പറഞ്ഞു.

ഇന്ത്യ – പാക് സംഘര്‍ഷം എവിടേക്കാണ് പോകുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിഗതികളെ സ്ഥാപിത താത്പര്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്യുകയാണ് അവര്‍. രാജ്യത്തെ സംരക്ഷിക്കുന്നത് അവര്‍ മാത്രമാണെന്ന തരത്തിലാണ് ബി.ജെ.പി പെരുമാറുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.

Video Stories