ബെംഗളൂരു: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും പദ്ധതി ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഹിന്ദി നിര്‍ബന്ധമാക്കാനുള്ള 112 ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ഹിന്ദിയില്‍ മാത്രമാക്കല്‍ ഉള്‍പ്പെടെയുള്ളവയാണ് ശിപാര്‍ശയിലുള്ളത്.
കേന്ദ്രസര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്ന് വ്യവസ്ഥ ചെയ്യും. അതിനായി ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി, പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് മുഖേന വിവിധ റിക്രൂട്ട്മെന്റ് ഏജന്‍സികളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിക്കുന്നു.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തമിഴ്‌നാട്ടിലും വലിയ രീതിയില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു. രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുമ്പിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയും എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന വ്യാപകമായി തമിഴ്നാട്ടില്‍ ഡി.എം.കെ. സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയാല്‍ നിശബദ്നായി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദിയെ എതിര്‍ത്ത് തന്നെയാണ് ഡി.എം.കെ അധികാരത്തിലെത്തിയതെന്നും എത്രയൊക്കെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും ‘ഹിന്ദി തെരിയാത് (ഹിന്ദി അറിയില്ല)’ എന്ന് തന്നെയായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ഇപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയല്ല മിസ്റ്റര്‍ ഷാ. പനീര്‍ശെല്‍വവുമല്ല. മറിച്ച് മുത്തുവേല്‍ കരുണാനിധി സ്റ്റാലിനാണ്. ഹിന്ദിക്കെതിരെ പ്രതിഷേധിച്ച് തന്നെ അധികാരത്തിലെത്തിയ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍. ഇപ്പോള്‍ ഞങ്ങള്‍ ഒരു പ്രകടനം മാത്രമാണ് നടത്തിയത്. അത് പ്രതിഷേധമാക്കണോ സമരമാക്കണോ എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്. ഹിന്ദി വിരുദ്ധത തന്നെയാണ് ഡി.എം.കെയുടെ പ്രധാന നയം,’ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
മറ്റൊരു ഭാഷാ യുദ്ധം അടിച്ചേല്‍പ്പിക്കരുതെന്നായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലാതാക്കി രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പി ശ്രമം ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്നും ഈ നിയമം നടപ്പാക്കിയാല്‍ ഹിന്ദി സംസാരിക്കാത്ത ബഹുഭൂരിപക്ഷം ജനത രണ്ടാം തരക്കാരായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: HD kumaraswamy asks prime minister narendra modi to interfere in central government’s hindi