| Friday, 26th July 2019, 10:26 am

തനിക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കി തിരിച്ചു വരാന്‍ കുമാരസ്വാമിയുടെ ശ്രമം; ആ ശ്രമം വിജയിക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പതിനാല് മാസം നീണ്ടു നിന്ന കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പുറത്തായെങ്കിലും കാവല്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ബദല്‍ മന്ത്രിസഭയ്ക്കുള്ള ശ്രമം തുടരുക തന്നെയാണ്.

യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് കുമാരസ്വാമിയുടെ വിശ്വാസം. സര്‍ക്കാര്‍ വന്നാല്‍ തന്നെ ഏറെക്കാലം നിലനില്‍ക്കില്ലെന്നും കുമാരസ്വാമി വിശ്വസിക്കുന്നു.

അതിനെ തുടര്‍ന്നാണ് കുമാരസ്വാമി ബദല്‍ ശ്രമങ്ങള്‍ നടത്തുന്നത്. കുമാരസ്വാമി വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതിയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹത്തെയല്ല കാണുന്നത്.

വിമത എം.എല്‍.എമാര്‍ രാജിക്കത്ത് കൊടുത്തപ്പോള്‍ അതോടൊപ്പം രാജിക്കത്ത് കൊടുക്കുകയും പിന്നീട് കോണ്‍ഗ്രസ് പക്ഷത്തേക്ക് മടങ്ങിയെത്തുകയും ചെയ്ത ആര്‍. രാമലിംഗ റെഡ്ഡിയെ മുന്‍നിര്‍ത്തിയാണ് കുമാരസ്വാമിയുടെ പുതിയ ശ്രമം. രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണ നേടാനാണ് കുമാരസ്വാമി ശ്രമിക്കുന്നത്.

കുമാരസ്വാമി ഇന്നലെ രാമലിംഗ റെഡ്ഡിയെ വസതിയിലെത്തി കണ്ടിരുന്നു. രാമലിംഗ റെഡ്ഡിയോട് ഒരു നിബന്ധനയാണ് കുമാരസ്വാമി മുന്നോട്ട് വെച്ചത്. കുറച്ച് വിമത എം.എല്‍.എമാരെയെങ്കിലും കോണ്‍ഗ്രസ് പക്ഷത്തേക്ക് മടക്കി കൊണ്ടു വരണം എന്നാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ കുമാരസ്വാമിയുടെ നിര്‍ദ്ദേശത്തോട് രാമലിംഗ റെഡ്ഡി അത്ര താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. കാര്യങ്ങള്‍ നിയന്ത്രണം കൈവിട്ടുപോയെന്നും വിമത എം.എല്‍.എമാരായ എസ്.ടി സോമശേഖര്‍, ഭൈരതി ബസവരാജ്, മുനിരത്‌ന എന്നിവര്‍ തന്നോട് സംസാരിക്കുന്നത് നിര്‍ത്തിയെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more