| Tuesday, 11th April 2023, 5:04 pm

കര്‍ഷകരുടെ മക്കളെ വിവാഹം ചെയ്യൂ; രണ്ട് ലക്ഷം നേടൂ; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെ.ഡി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ഷകരുടെ ആണ്‍മക്കളെ കല്യാണം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കോലാറിലെ പഞ്ചരത്‌നയില്‍ നടത്തിയ തെരഞഞ്ഞെടുപ്പ് റാലിക്കിടെയാണ് ജെ.ഡി.എസ് നേതാവുകൂടിയായ കുമാരസ്വാമിയുടെ പ്രഖ്യാപനം.

കര്‍ഷകരുടെ മക്കളെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവുന്നില്ലെന്ന വ്യാപക പരാതി ഉയരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനവുമായി കുമാരസ്വാമി രംഗത്തെത്തിയത്. സംസ്ഥാനത്തെ യുവാക്കളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനാണ് പദ്ധതിയിലൂടെ ജെ.ഡി.എസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

‘കര്‍ഷകരുടെ മക്കളെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നത്തില്‍ കുറേയധികം പരാതികളും എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കര്‍ഷകരുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഓരോ പെണ്‍കുട്ടിക്കും രണ്ട് ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്. നമ്മുടെ യുവാക്കളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് ഞങ്ങള്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്,’ കുമാരസ്വാമി പറഞ്ഞു.

അതേസമയം മെയ് പത്തിനാണ് കര്‍ണാടകയില്‍ പൊതുതെരഞ്ഞെടുപ്പ്. 224 മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇത്തവണയും നിര്‍ണായക സ്വാധീനമാകുമെന്നാണ് ജെ.ഡി.എസിന്റെ പ്രതീക്ഷ. പാര്‍ട്ടിയുടെ ആഭ്യന്തര കമ്മിറ്റി നടത്തിയ സര്‍വേയില്‍ 25 മുതല്‍ 35 സീറ്റ് വരെ ജെ.ഡി.എസ് നേടുമെന്നാണ് പ്രവചനം.

ബി.ജെ.പിയുടെ ആഭ്യന്തര ചേരിപ്പോരും കോണ്‍ഗ്രസിലെ പ്രതിസന്ധികളും ജെ.ഡി.എസിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക ഏറെ വൈകാതെ പുറത്തിറക്കുമെന്ന് ജെ.ഡി.എസ് അറിയിച്ചു. കോണ്‍ഗ്രസ് നേരത്തെ തന്നെ രണ്ട് പട്ടികകള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നതയില്‍ പ്രതിരോധത്തിലായ ബി.ജെ.പിക്ക് ഇതുവരെ സീറ്റുകളില്‍ വ്യക്തത വരുത്താനായിട്ടില്ല.

Content Highlight: HD Kumaraswami addressing election rally

We use cookies to give you the best possible experience. Learn more