ബെംഗളൂരു: കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ തക്കതായ മറുപടി നല്‍കണമെന്ന് ജനതാദള്‍ എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഉപതെരഞ്ഞെടുപ്പിനെ ജനതാദള്‍ എസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വിധി ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ അനുസരിച്ചിരിക്കും. ബി.ജെ.പിയേക്കാളും കോണ്‍ഗ്രസിനേക്കാളും കൂടുതല്‍ സീറ്റുകള്‍ ജനതാദള്‍ എസ് നേടും. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ക്ക് തിരിച്ചു വരാതെ മറ്റൊരു വഴിയുമില്ലെന്നും കുമാരസ്വാമി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രളബാധിതരെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും മറന്നു. ദുരന്തബാധിതര്‍ക്ക് 5000 രൂപയും 10000 രൂപയും നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യേണ്ടതാണ്. കുറഞ്ഞ തുക മാത്രം നല്‍കിയ സര്‍ക്കാര്‍ നടപടി ഇരകളുടെ മനസ്സിലുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ബി.ജെ.പിയെയും യെദിയൂരപ്പ സര്‍ക്കാരിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സമീപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുമാരസ്വാമി സ്വീകരിച്ചത്. എന്നാല്‍ നേരത്തെ ബി.ജെ.പിയോടും സര്‍ക്കാരിനോടും അനുഭാവ നിലപാടാണ് കുമാരസ്വാമി സ്വീകരിച്ചിരുന്നത്.
യെദിയൂരപ്പ സര്‍ക്കാര്‍ താഴെ വീഴാന്‍ ജനതാദള്‍ അനുവദിക്കില്ലെന്നും പ്രളയം നാശം വിതച്ച കര്‍ണാടകത്തില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് തയ്യാറല്ലെന്നുമായിരുന്നു കുമാരസ്വാമി പറഞ്ഞിരുന്നത്. ഇതില്‍ നിന്ന് മാറിയ നിലപാടാണ് കുമാരസ്വാമി സ്വീകരിക്കുന്നത്.