ബെംഗളൂരു: ഞായറാഴ്ച രാത്രി ഒന്‍പതുമണിക്ക് ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നേരന്ദ്രമോദിയെ വിമര്‍ശിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി. ബി.ജെ.പി അവരുടെ പാര്‍ട്ടിയുടെ സ്ഥാപകദിനം കൊവിഡിന്റെ പേരില്‍ കൊണ്ടാടാനുള്ള ശ്രമമാണെന്നും കുമാരസ്വാമി പറഞ്ഞു.
ഞായറാഴ്ച രാത്രി ഒന്‍പതു മണിക്ക് എല്ലാവരോടും വീട്ടിലെ ബാല്‍ക്കണികളില്‍ വന്ന് വെളിച്ചം തെളിയിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
കൊവിഡിനെതിരെയുള്ള യുദ്ധത്തില്‍ എല്ലാവരും ഐക്യദാര്‍ഢ്യം കാണിക്കാനാണ് ഇതെന്നുമാണ് മോദി പറഞ്ഞത്.
എന്നാല്‍ ഏപ്രില്‍ 6നാണ് ബി.ജെ.പിയുടെ സ്ഥാപകദിനം. സൂത്രത്തില്‍ ഇന്ത്യന്‍ ജനതയെക്കൊണ്ട് ആഘോഷിപ്പിക്കാനുള്ള ശ്രമമാണോ ഇതെന്ന് എച്ച്.ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.
‘ബിജെപിയുടെ സ്ഥാപകദിനത്തിന്റെ തലേന്ന് രാജ്യത്ത് വെളിച്ചം കത്തിച്ച് ജാഗ്രത പുലര്‍ത്താന്‍ പ്രധാനമന്ത്രി സൂത്രത്തില്‍ ആവശ്യപ്പെടുന്നുണ്ടോ? ഏപ്രില്‍ ആറ് ആണല്ലോ അവരുടെ സ്ഥാപക ദിനം. വെളിച്ചം തെളിയിക്കാന്‍ ഈ ദിവസവും സമയവും തന്നെ തെരഞ്ഞെടുത്തതില്‍ മറ്റെന്തെങ്കിലും വിശദീകരണം തരാനുണ്ടോ? കൂടുതല്‍ വിശ്വസനീയവും ശാസ്ത്രീയവുമായ ഒരു വിശദീകരണം തരാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു,’ കുമാരസ്വാമി ട്വീറ്റ് ചെയ്തു.
നേരത്തെയും ഒന്‍പതു മണിയുടെ പരിപാടിക്ക് വിമര്‍ശനവുമായി കുമാരസ്വാമി രംഗത്തെത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പി.പി.ഇ കിറ്റുകളും സാധരക്കാര്‍ക്ക് പരിശോധനാ കിറ്റുകളും വിതരണം ചെയ്യണമെന്നും കുമാരസ്വാമി പറഞ്ഞു. രാജ്യത്തിന് ദൃഢമായ എന്ത് പടിയാണ് ഇനി എടുക്കേണ്ടതെന്ന് പറയാതെ അല്ലെങ്കില്‍ തന്നെ തളര്‍ന്ന ഒരു സമൂഹത്തിന് പ്രധാനമന്ത്രി അര്‍ത്ഥശൂന്യമായ ടാസ്‌കുകള്‍ നല്‍കുകയാണെന്നായിരുന്നു കുമാരസ്വാമി നേരത്തെ പ്രതികരിച്ചത്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനോട് പ്രതികരിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു.
രാജ്യം ഇപ്പോള്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി കൊവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യത്തിന് കിറ്റുകള്‍ ഇല്ലാത്തതും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടി സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതും പാവപ്പെട്ടവന് കഴിക്കാന്‍ ഭക്ഷണമില്ലാത്തതുമാണെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.