ബെംഗളുരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം വലിയ തിരിച്ചടിയായി കരുതുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും തുങ്കൂര്‍ മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാര്‍ഥിയുമായ എച്ച്.ഡി ദേവഗൗഡ.
‘മുന്‍ പ്രധാനമന്ത്രിയായിരുന്നിട്ടും ഞാന്‍ രണ്ടു തവണ പരാജയപ്പെട്ടിട്ടുണ്ട്. ഇത് വലിയ വിഷയമല്ല’- അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. 13,000 വോട്ടുകള്‍ക്കാണ് ജെ.ഡി.യുവിന്റെ മുതിര്‍ന്ന നേതാവ് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്.
ഇനി തന്റെ ശ്രദ്ധ പാര്‍ട്ടിയുടെ അടിവേര് ശക്തമാക്കുന്നതിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ ഉത്ക്കണ്ഠ ഒരു പ്രാദേശിക പാര്‍ട്ടിയെ എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ചാണ്. ജെ.ഡി.എസ് ശക്തമാവുന്നത് ഞാന്‍ കാണും. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു പോവും’- ദേവഗൗഡ പറഞ്ഞു.
പരാജയപ്പെട്ടതിന് ആരേയും കുറ്റപ്പെടുത്തില്ലെന്നും, പരാജയകാരണ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരുന്നിട്ട് പരാജയപ്പെടുന്ന മൂന്നാമത്തെ ആളാണ് ദേവഗൗഡ. ഇന്ദിരാഗാന്ധിയും ചന്ദ്ര ശേഖറുമായിരുന്നു ലോക്‌സഭയില്‍ പരാജയപ്പെട്ട മുന്‍ പ്രധാനമന്ത്രിമാര്‍.
1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ തേജസ്വിനി രമേശിനോട് ദേവഗൗഡ പരാജയപ്പെട്ടിരുന്നു.