ബെംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ജനം നല്‍കിയ മറുപടിയാണ് ഉപതെരഞ്ഞെടുപ്പു ഫലമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം മുന്നേറ്റം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ട്വിറ്ററിലൂടെയാണ് ദേവഗൗഡയുടെ പ്രതികരണം.
” ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വികസന കേന്ദ്രീകൃത ഭരണകൂടത്തെ പിന്തുണച്ചതിന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സംസ്ഥാന ജനത നല്‍കിയ മറുപടിയാണിത്.” അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ ഷിമോഗയില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്. ബി.ജെ.പിയുടെ കുത്തക മണ്ഡലമായിരുന്ന ബെല്ലാരിയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഉപതെരഞ്ഞെടുപ്പു നടന്ന നിയമസഭാ മണ്ഡലങ്ങളായ രാമനഗരയിലും ജാംഖണ്ഡിയിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വിജയിച്ചിരുന്നു.
ബെല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. കുടിവെള്ളപ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ തെരെഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നത്.
കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരെഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും. അതേസമയം, ബി.ജെ.പിക്കും അഭിമാനപോരാട്ടമായിരുന്നു ഇത്.