കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിന് അടിസ്ഥാനമായ സാക്ഷിമൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. സാക്ഷിമൊഴികള്‍ അതിജീവിതക്ക് കൈമാറേണ്ടതുണ്ടെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
കൂടാതെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജി നിലനില്‍ക്കുമോയെന്നതില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. കേസ് മെയ് 30 ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കില്‍ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത വാദിച്ചു. അതേസമയം ഹരജിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ദിലീപിന്റെ അഭിഭാഷകനും രംഗത്തെത്തിയാതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു.
മൂന്ന് കോടതികളിലായി മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടിട്ടുണ്ടെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ ജില്ലാ സെഷന്‍സ് ജഡ്ജി വ്യക്തമാക്കിയിരുന്നു. അങ്കമാലി കോടതിയുടെ കസ്റ്റഡിയിലിരിക്കെ ഒരു വര്‍ഷം മജിസ്‌ട്രേറ്റ് ലീന റഷീദ് ഈ മെമ്മറി കാര്‍ഡ് സ്വകാര്യമായി കസ്റ്റഡയില്‍ വെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മെമ്മറി കാര്‍ഡ് സ്വകാര്യമായി കസ്റ്റഡിയില്‍ വെക്കാമെന്ന ധാരണയിലായിരുന്നു കൈവശം വെച്ചതെന്ന് മാത്രമാണ് സംഭവത്തില്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
2018 ഡിസംബര്‍ 13ന് ജില്ലാ ജഡ്ജിയുടെ പി.എയായ മഹേഷ് തന്റെ മൊബൈല്‍ ഫോണിലിട്ട് മെമ്മറി കാര്‍ഡ് പരിശോധിച്ചുവെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ജഡ്ജിയുടെ നിര്‍ദേശ പ്രകാരം മെമ്മറി കാര്‍ഡ് പരിശോധിച്ചുവെന്നാണ് മഹേഷിന്റെ മൊഴി.
2021ല്‍ വിചാരണ കോടതി ജഡ്ജി ശിരസ്തദാര്‍ താജുദ്ദീന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോടതി ചെസ്റ്റില്‍ സൂക്ഷിക്കേണ്ട മെമ്മറി കാര്‍ഡാണ് ശിരസ്തദാര്‍ പരിശോധിച്ചത്.
Content Highlight: HC wants to produce the testimony which is the basis of the investigation report in the case of the attack on the actress