ടി.പി. വധക്കേസ്; അപ്പീലുകളിൽ അന്തിമ വാദം തുടങ്ങി
Kerala
ടി.പി. വധക്കേസ്; അപ്പീലുകളിൽ അന്തിമ വാദം തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th September 2023, 8:50 am

കൊച്ചി: ടി.പി. വധക്കേസിലെ ശിക്ഷാവിധിക്കെതിരെ 12 പ്രതികൾ നൽകിയ ഹരജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്തിമ വാദം തുടങ്ങി. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരള സർക്കാരും പ്രതികളെ വെറുതെ വിട്ടതിനെതിരെ ടി.പി.യുടെ ഭാര്യയും എം.എൽ.എയുമായ കെ.കെ. രമയും നൽകിയ അപ്പീലുകളിലും വാദം ആരംഭിച്ചിട്ടുണ്ട്.

2012ലാണ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിവരുന്ന വഴി ആർ.എം.പി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം അക്രമസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മിൽ നിന്ന് പുറത്തുവന്ന് സ്വന്തം നാടായ ഒഞ്ചിയത്ത് ആർ.എം.പി പാർട്ടി സ്ഥാപിച്ചതിലുള്ള പക പോക്കലിനാണ് പ്രതികളായ സി.പി.എം പ്രവർത്തകർ കൊലപാതകം നടത്തിയത് എന്നായിരുന്നു കേസ്.

അന്നത്തെ യു.ഡി.എഫ് സർക്കാർ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കോഴിക്കോട് അഡീഷണൽ സെഷൻ കോടതി 11 പ്രതികൾക്ക് ജീവപര്യന്തവും ഒരു പ്രതിക്ക് മൂന്ന് വർഷത്തെ തടവും വിധിച്ചിരുന്നു. ശിക്ഷ വിധിക്കപ്പെട്ടവരിൽ സി.പി.എം പ്രാദേശിക നേതാക്കളായിരുന്ന കെ.സി. രാമചന്ദ്രൻ, പി.കെ. കുഞ്ഞനന്തൻ എന്നിവരും ഉൾപ്പെട്ടിരുന്നു. ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ 2020 ജൂണിൽ ജയിലിൽ വച്ച് പി.കെ. കുഞ്ഞനന്തൻ മരിച്ചു.

കേസ് കെട്ടിച്ചമച്ചതാണെന്നും വ്യാജ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് തങ്ങൾക്കെതിരെ കേസ് എടുത്തതെന്നുമാണ് പ്രതികളുടെ വാദം. ക്രൈം ബ്രാഞ്ച് അഡീഷണൽ ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം മുൻ‌കൂർ നിശ്ചയിച്ച പ്രകാരമാണെന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും അപ്പീലിൽ പറയുന്നു.

പ്രതികളുടെ ശിക്ഷ കാലാവധി കുറഞ്ഞുപോയതിന് എതിരെയാണ് സർക്കാരിന്റെ അപ്പീൽ. ആസൂത്രിതവും മൃഗീയവുമായ കൊലപാതകത്തിന്റെ സ്വഭാവം ട്രയൽ കോടതി കണക്കിലെടുത്തില്ലെന്ന് സർക്കാർ പറയുന്നു. സി.പി.എം നേതാക്കളായ പി. മോഹനൻ, കെ.കെ. കൃഷ്ണൻ തുടങ്ങിയ 22 പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് കെ.കെ. രമയുടെ ഹരജി.

പ്രൊഫഷണൽ കുറ്റവാളികളെ ഉപയോഗിച്ച് പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും നിരവധി ശ്രമങ്ങൾ നടത്തിയതിന് ശേഷം ക്രൂരമായ രീതിയിൽ കൊലപാതകം നടത്തുകയും ചെയ്തുവെന്ന് അവർ ചൂണ്ടിക്കാട്ടി. അതിനാൽ, വിചാരണ കോടതി അവർക്ക് വധശിക്ഷ ഉൾപ്പെടെ പരമാവധി ശിക്ഷ നൽകുകയും ഇരയ്ക്ക് നഷ്ടപരിഹാരം നൽകുകയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

36 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 24 പേരെ വെറുതെ വിട്ടിരുന്നു. എഫ്.ഐ.ആറിൽ എത്ര പ്രതികളുണ്ടെന്ന് കൃത്യമായി പറയുന്നില്ലെന്നും ഗൂഢാലോചനയെ തുടർന്നാണ് പലരെയും പ്രതിചേർത്തതെന്നും ഒന്നാം പ്രതി എം.സി. അനൂപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Content Highlight: HC starts final hearing on appeal by convicts in TP murder case