| Monday, 17th June 2019, 12:14 pm

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വെച്ച് ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ സ്‌റ്റേ. അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹരജിയിലാണ് നടപടി. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്റ്റേ ചെയ്യുന്നുവെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഹരജികളില്‍ വിശദമായ വാദം പിന്നീട് നടക്കുമെന്നും കോടതി പറഞ്ഞു.

വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ കമ്മിറ്റിയുടെ ഏതാനും ശിപാര്‍ശകള്‍ നടപ്പാക്കി തുടങ്ങിയിരുന്നു. ആദ്യ ഘട്ടം ഈ വിദ്യാഭ്യാസ വര്‍ഷം നടപ്പാക്കി തുടങ്ങിയിരുന്നു. ഭരണപരമായ മേന്മയിലൂടെ അക്കാദമിക് മികവ് കൊണ്ടുവരികയായിരുന്നു ലക്ഷ്യം. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളടക്കം രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എം.എ ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഢന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സര്‍വ ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായി ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്.

We use cookies to give you the best possible experience. Learn more