കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതു ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. കീഴാറ്റൂര്‍ വിഷയത്തില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.
എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിനു മുന്നോട്ടുപോകാമെന്നു ഹൈക്കോടതി വ്യക്തമാക്കി.
വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലതാ സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു നടപടി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പി.ജി കൃഷ്ണനാണു വയല്‍ക്കിളികള്‍ക്കുവേണ്ടി ഹാജരായത്.
വയല്‍ക്കിളികളുടെ പോരാട്ടത്തിന്റെ വിജയമെന്നാണു സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചത്. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും നിയമപരവും രാഷ്ട്രീയപരവുമായ തീരുമാനം വിഷയത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സി.പി.ഐ.എം ഈ കോടതിവിധിയില്‍ നിന്നു പഠിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ 13 എതിര്‍കക്ഷികളാണ് കേസിലുണ്ടായിരുന്നത്. കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ 26 വാദങ്ങള്‍ വയല്‍ക്കിളികള്‍ ഹൈക്കോടതിക്കു മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ കൂടുതല്‍ വാദങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകും.