ന്യൂദല്‍ഹി: ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിക്കുന്നത് ഭീഷണിയോ ഭയപ്പെടുത്തലോ ആയി കാണാനാകില്ലെന്ന് ദല്‍ഹി ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകന്‍ വരുണ്‍ ഹിരേമാതിനെതിരെയുള്ള പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
പരാതിക്കാരി ലൈംഗിക ബന്ധത്തിന് പറ്റില്ല എന്ന് പറഞ്ഞെങ്കിലും അവര്‍ സ്വയമാണ് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതെന്ന് മൊഴികളില്‍ പറയുന്നുണ്ടെന്നും നിര്‍ബന്ധിക്കുന്നത് ഭീഷണിപ്പെടുത്തലായി കണക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മുക്തയാണ് വരുണ്‍ ഹിരേമാത് നല്‍കിയ ജാമ്യ ഹരജി പരിഗണിച്ചത്.
ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ലെന്ന് താന്‍ പല തവണ ചിന്തിച്ചതാണെന്നും പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നുണ്ട്. പക്ഷെ കുറ്റാരോപിതനായിരിക്കുന്ന ഈ വ്യക്തിക്ക് പരാതിക്കാരിയുടെ മനസില്‍ നടക്കുന്ന കാര്യങ്ങള്‍ മനസിലാകണമെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് മുക്ത പറഞ്ഞു.
അതേസമയം ഹോട്ടല്‍ ബുക്ക് ചെയ്യുന്നതോ പരാതിപ്പെടുന്ന വ്യക്തിയോടൊപ്പം മുറിയില്‍ പോയതോ ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കിയതായി പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഏത് ഘട്ടത്തിലായാലും പരാതിക്കാരി ‘നോ’ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുശേഷം ലൈംഗിക ബന്ധം തുടരാന്‍ പാടുള്ളതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.