കൊച്ചി: കോഴിക്കോട് കോര്‍പറേഷന്‍ വിഭജിച്ച് എലത്തൂര്‍, ബേപ്പൂര്‍, ചെറുവണ്ണൂര്‍-നല്ലളം എന്നീ നഗരസഭകള്‍ രൂപീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം കോര്‍പറേഷന്‍ വിഭജിച്ച് കഴക്കൂട്ടം നഗരസഭ രൂപീകരിച്ചതും കോടതി റദ്ദാക്കിയിട്ടുണ്ട്. അതേ സമയം കണ്ണൂര്‍ കോര്‍പറേഷന്‍ രൂപീകരിച്ച നടപടി കോടതി ശരി വെച്ചിട്ടുണ്ട്.
വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ കോഴിക്കോട് കോര്‍പറേഷനും തിരുവനന്തപുരം കോര്‍പറേഷനും വിഭജിച്ച് പുതിയ നഗരസഭകള്‍ രൂപീകരിച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് നിരവധി ഹരജികളാണ് ഹൈക്കോടതിയിലെത്തിയത്.
നഗരസഭ രൂപീകരണത്തെ തുടര്‍ന്ന് വാര്‍ഡ് വിഭജനവും വോട്ടര്‍പട്ടിക പ്രസിദ്ധീകരണവുമെല്ലാം കഴിഞ്ഞതിന് ശേഷമാണ് സുപ്രധാന വിധിയിലൂടെ ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയത്.
തളിപ്പറമ്പ്, നീലേശ്വരം, മുക്കം, കൊടുവള്ളി എന്നിവയെ മുനിസിപ്പാലിറ്റികളായി മാറ്റുന്നത് കോടതി ശരിവെച്ചു. ഈ മുനിസിപ്പാലിറ്റികളുടെ രൂപീകരണത്തിനെതിരായി വന്ന ഹരജികള്‍ കോടതി തള്ളി. അതേ സമയം കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ രൂപീകരിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.