'സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്, ഇടപെടാനാവില്ല'; ദിഗ് വിജയ് സിങ്ങിന്റെ ഹരജി തള്ളി കര്‍ണാടക ഹൈക്കോടതി
India
'സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്, ഇടപെടാനാവില്ല'; ദിഗ് വിജയ് സിങ്ങിന്റെ ഹരജി തള്ളി കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th March 2020, 10:27 am

ഭോപ്പാല്‍: ബെംഗളൂരു റിസോര്‍ട്ടില്‍ കഴിയുന്ന വിമത എം.എല്‍.എമാരെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളി.

എം.എല്‍.എമാരെ കാണാന്‍ തന്നെ അനുവദിക്കണമെന്ന നിര്‍ദേശം പൊലീസിന് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ദിഗ്‌വിജയ് സിങ് ഹരജി നല്‍കിയത്. മാര്‍ച്ച് 26 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് എം.എല്‍.എമാരുടെ പിന്തുണ തേടാനാണ് താന്‍ എത്തിയതെന്നും ദിഗ് വിജയ്‌സിങ് ഹരജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സിങ്ങിന്റെ ഹരജി ജസ്റ്റിസ് ആര്‍ ദേവരാജ് തള്ളി. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ് ഇതെന്നും മാത്രമല്ല ഒരു നേതാക്കളേയും കാണാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അതിന് അനുവദിക്കരുതെന്നും അറിയിച്ച് എം.എല്‍.എമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിക്കഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഹരജി തള്ളിയത്.

മധ്യപ്രദേശില്‍ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ നിയമസഭാ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. അതേസമയം ഹരജിയില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും.

വിമത എം.എല്‍.എമാര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടണമെന്നും ശേഷം അവിശ്വാസവോട്ടെടുപ്പ് നടത്താമെന്നും കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ചാര്‍ട്ടേഡ് വിമാനവും മനോഹരമായ ഹോട്ടലില്‍ താമസവും വാഗ്ദാനം ചെയ്യുമ്പോഴേക്കും ഓടിപ്പോവുക എന്നതല്ല ഒരു എം.എല്‍.എയുടെ കടമയെന്ന് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു.

എന്നാല്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ