കൊച്ചി: മലപ്പുറത്ത് കൊവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുള്ള വെന്റിലേറ്ററുകളുടേയും, ഐ.സി.യു.-ഓക്‌സിജന്‍ കിടക്കകളുടേയും വിവരങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മുസ്‌ലീം ലീഗ് നേതാവും തിരൂരങ്ങാടി എം.എല്‍.എയുമായ കെ.പി.എ മജീദിന്റെ ഹരജിയിലാണ് കോടതി നടപടി.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
തിരൂരങ്ങാടിയിലെ താലൂക്ക് ആശുപത്രിയില്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി വെന്റിലേറ്ററുകള്‍, ഐ.സി.യു.-ഓക്‌സിജന്‍ കിടക്കകള്‍ എന്നിവ ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മജീദ് കോടതിയെ സമീപിച്ചത്. മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സാ സാമഗ്രികള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്ത് പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് മലപ്പുറത്താണ്. എന്നാല്‍ ഇതിനനുസൃതമായ ചികിത്സാ സൗകര്യമില്ലെന്നാണ് ഹരജിയില്‍ പറയുന്നത്.
കൂടാതെ, ജില്ലയിലെ കൊവിഡ് കണ്‍ട്രോള്‍ റൂമും കൊവിഡ് വാര്‍ റൂമുകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല, വെന്റിലേറ്ററുകള്‍, ഐ.സി.യു. എന്നിവയുടെ ലഭ്യത സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും കൊവിഡ് -19 രോഗികള്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും ഹരജിയിലുണ്ട്.
കൊവിഡ് പോര്‍ട്ടലായ ഇ-ജാഗ്രതയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്നും അപ്ഡേറ്റുകളൊന്നും നടത്തിയിട്ടില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: HC quizzes Kerala govt on availability of ventilators, ICUs and oxygen beds in Malappuram