കൊച്ചി: മലപ്പുറത്ത് കൊവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുള്ള വെന്റിലേറ്ററുകളുടേയും, ഐ.സി.യു.-ഓക്‌സിജന്‍ കിടക്കകളുടേയും വിവരങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മുസ്‌ലീം ലീഗ് നേതാവും തിരൂരങ്ങാടി എം.എല്‍.എയുമായ കെ.പി.എ മജീദിന്റെ ഹരജിയിലാണ് കോടതി നടപടി.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
തിരൂരങ്ങാടിയിലെ താലൂക്ക് ആശുപത്രിയില്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി വെന്റിലേറ്ററുകള്‍, ഐ.സി.യു.-ഓക്‌സിജന്‍ കിടക്കകള്‍ എന്നിവ ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മജീദ് കോടതിയെ സമീപിച്ചത്. മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സാ സാമഗ്രികള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്ത് പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് മലപ്പുറത്താണ്. എന്നാല്‍ ഇതിനനുസൃതമായ ചികിത്സാ സൗകര്യമില്ലെന്നാണ് ഹരജിയില്‍ പറയുന്നത്.