വിഴിഞ്ഞം കരാര്‍ കൊണ്ട് കേരളത്തിനുള്ള നേട്ടമെന്ത്?; അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
Kerala
വിഴിഞ്ഞം കരാര്‍ കൊണ്ട് കേരളത്തിനുള്ള നേട്ടമെന്ത്?; അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th September 2017, 6:36 pm

 

കൊച്ചി: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. കരാര്‍ കൊണ്ട് സംസ്ഥാന സര്‍ക്കാരിനു എന്ത് നേട്ടമുണ്ടായെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


Also Read: ‘പൂജ്യത്തിന്റെ വില കണ്ടോ’; വിവാഹമോചനത്തിനായി പേസില്‍ നിന്ന് 1 കോടി ആവശ്യപ്പെട്ട റിയക്ക് പറ്റിയ അബദ്ധം 


കരാര്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ വാണിജ്യപരമായ നേട്ടങ്ങളും കോട്ടങ്ങളും എന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് നിര്‍ദേശിച്ച കോടതി സി.എ.ജി റിപ്പോര്‍ട്ടനുസരിച്ച് പദ്ധതി കേരളത്തിനു നഷ്ടമാണെന്നും ആദ്യ 40 വര്‍ഷം ഒന്നും ലഭിക്കില്ലെന്നും പറഞ്ഞു. ഏകപക്ഷീയമായി കരാര്‍ ഒപ്പിട്ടതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

വിഷയത്തില്‍ ഈ മാസം 25ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ എതിരാണെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എന്‍.കെ.സലീം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ നടത്തിയത്.


Dont Miss: വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് സി.പി.ഐ.എം ബംഗാള്‍ ഘടകം


സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്ന തരത്തില്‍ കരാറുണ്ടാക്കിയതിനു പിന്നില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നു സി.ബി.ഐയോ മറ്റു ദേശീയ ഏജന്‍സികളോ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. വിഴിഞ്ഞം കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു സി.എ.ജി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.