പശുവിനെ കശാപ്പ് ചെയ്തതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി യു.പി സര്‍ക്കാര്‍; തടവിലിട്ട മുഴുവന്‍ പേരെയും വെറുതെവിട്ട് കോടതി
national news
പശുവിനെ കശാപ്പ് ചെയ്തതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി യു.പി സര്‍ക്കാര്‍; തടവിലിട്ട മുഴുവന്‍ പേരെയും വെറുതെവിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th August 2021, 1:22 pm

നിസാമുദ്ദീന്‍: ഗോവധം നടത്തിയെന്നാരോപിച്ച് തടവില്‍ കഴിയുന്ന മൂന്ന് പേരുടെ തടങ്കല്‍ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. പരാതിക്കാരുടെ കുടുംബം നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കിയത്.

ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു മൂന്ന് പേരെ യു.പി പൊലീസ് തടവിലാക്കിയിരുന്നത്.  ഈ കേസ് റദ്ദ് ചെയ്തുകൊണ്ടാണ്  ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് സരോജ് യാദവും ചേര്‍ന്ന ബെഞ്ച് വിധി പറഞ്ഞത്.

ഒരാളുടെ വീടിന്റെ സ്വകാര്യതയില്‍ വെച്ച് കശാപ്പ് നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമാവില്ല എന്ന് കോടതി നിരീക്ഷിച്ചു. ഒരാള്‍ പുലര്‍ച്ചെ വീട്ടില്‍ വെച്ച് പശുവിനെ കശാപ്പ് ചെയ്യുന്നത് വിശപ്പോ തൊഴിലില്ലായ്മയോ പട്ടിണിയോ ഒക്കെ കാരണമാവാം.  അവയെ ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമായി കണക്കാക്കാന്‍ സാധിക്കില്ല.

എന്നാല്‍ കുറേയേറെ കന്നുകാലികളെ ഒരുമിച്ച് കശാപ്പ് ചെയ്ത് മാംസവും രക്തവും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഈ സാഹചര്യത്തോട് ചേര്‍ത്ത് കാണാനാവില്ല. ആ സമയത്ത് ഇതേ നിലപാട് കൈക്കൊള്ളാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗോവധം നടത്തിയെന്നാരോപിച്ച് ഇര്‍ഫാന്‍, റഹ്മത്തുള്ള, പര്‍വേസ് എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നത്. ഇവര്‍ ആഗസ്റ്റ് 14 മുതല്‍ സീതാപൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ് വരികയായിരുന്നു. ഗോവധ നിരോധന നിയമ പ്രകാരമുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

കോടതി രേഖകളില്‍ പറയുന്നത് പ്രകാരം, ഇര്‍ഫാന്‍, റഹ്മത്തുള്ള, പര്‍വേസ് എന്നിവരും മറ്റ് രണ്ട് പേരും രഹസ്യമായി കശാപ്പ് നടത്തുന്നുണ്ടെന്ന വിവരപ്രകാരം താല്‍ഗണ്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഗോമാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ സംഭവസ്ഥലത്തു വെച്ചുതന്നെ അറസ്റ്റ് ചെയ്തു. വെറ്റിനറി ഡോക്ടറുടെ പരിശോധനയില്‍ ഇത് ഗോമാംസമാണെന്ന് തെളിഞ്ഞു.

സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വക്കറ്റ് ഇവര്‍ ചെയ്തത് വളരെ വലിയ കുറ്റമാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ഇവരെ തടവില്‍ തന്നെ പാര്‍പ്പിക്കണമെന്നും വാദിച്ചു.

എന്നാല്‍ അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വക്കറ്റിന്റെ വാദം തള്ളിയ കോടതി മൂവരുടേയും തടങ്കല്‍ റദ്ദാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: HC quashes detention of 3 under NSA in UP cow slaughter case