| Sunday, 28th April 2019, 11:32 am

തഹസില്‍ദാര്‍ സ്‌ട്രോങ് റൂമില്‍ കയറിയ സംഭവം: സി.പി.ഐ.എം പരാതിയില്‍ കളക്ടര്‍ക്ക് സ്ഥലംമാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുര: തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം തഹസില്‍ദാറും ഉദ്യോഗസ്ഥരും ഇ.വി.എമ്മുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമില്‍ കയറിയ സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ മധുര ജില്ലാ കളക്ടര്‍ എസ് നടരാജനെ സ്ഥലം മാറ്റാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.

അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എം. ഗുരുചന്ദ്രന്‍, കളക്ടറുടെ പെഴ്‌സണല്‍ അസിസ്റ്റന്റ് മോഹന്‍ദാസ്, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എന്നിവരെയും കോടതി സ്ഥലം മാറ്റാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും നിര്‍ദേശിച്ചിരുന്നു. സ്‌ട്രോങ് റൂമില്‍ കയറിയ സംഭവത്തില്‍
എക്സൈസ് സ്പെഷ്യല്‍ തഹസില്‍ദാറായ കെ. സമ്പൂര്‍ണ്ണം, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എസ്. ശ്രീനിവാസന്‍, രാജാ പ്രകാശ്, സൂര്യ പ്രകാശ് എന്നിവരെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ എസ്.യു വെങ്കടേശനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. ഉദ്യോഗസ്ഥര്‍ സ്‌ട്രോങ് റൂമിനുള്ളില്‍ മൂന്നു മണിക്കൂര്‍ സമയം ചെലവഴിച്ചതായി വെങ്കടേശന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

പരാതി നല്‍കിയെങ്കിലും കളക്ടര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും തഹസില്‍ദാര്‍ നിയമംലംഘിച്ചതായി അറിയില്ലെന്ന് ഭാവിക്കുകയുമായിരുന്നുവെന്ന് സി.പി.ഐ.എം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more