ലഖ്നൗ: പതിനേഴാം നൂറ്റാണ്ടില്‍ ആഗ്രയില്‍ നിര്‍മിച്ച ഹമാം അഥവാ ബാത്ത് ഹൗസ് പൊളിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ആഗ്രയിലെ ചിപ്പിത്തോളയില്‍ സ്ഥിതി ചെയ്യുന്ന അലി വാര്‍ദി ഖാന്റെ ഹമാം പൊളിച്ചുമാറ്റാനുള്ള നടപടിക്കെതിരെയാണ് കോടതിയുടെ ഉത്തരവ്.
നിര്‍മിതി പൊളിച്ചുമാറ്റുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്യരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും യു.പി സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
നിര്‍മിതിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്. കെട്ടിടത്തിന് സംരക്ഷണം നല്‍കണമെന്ന് പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
ചന്ദ്രപാല്‍ സിങ് റാണ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ സലില്‍ റായ്, സമിത് ഗോപാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പൈതൃക നിര്‍മിതികള്‍ തകര്‍ക്കുന്നതില്‍ നിന്ന് സ്വകാര്യ വ്യക്തികളെ തടയണമെന്ന് ആവശ്യപ്പെട്ടാണ് ചന്ദ്രപാല്‍ ഹരജി നല്‍കിയത്. കെട്ടിടം ദേശീയ പ്രാധാന്യമുള്ളതാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
1958ലെ പുരാതന സ്മാരകങ്ങളും സ്ഥലങ്ങളും അവശിഷ്ടങ്ങളും സംബന്ധിച്ച നിയമം അനുസരിച്ച്, 400 വര്‍ഷം പഴക്കമുള്ള ഹമാമിന് യു.പി സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബുള്‍ഡോസര്‍ ഉപയോഗിച്ച് ഹമാസ് വരുന്ന ദിവസങ്ങളില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഹമാമില്‍ നടത്തിയ സര്‍വേയില്‍, കെട്ടിടം 1620ല്‍ നിര്‍മിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേസിന്റെ അടുത്ത വാദം ജനുവരി 27ന് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥയിലുള്ള കെട്ടിടങ്ങള്‍ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നിരന്തരമായി പൊളിച്ചുമാറ്റുന്നതിനിടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
സംസ്ഥാനത്തുടനീളമായുള്ള മുസ്‌ലിം പള്ളികള്‍ക്ക് നേരെ ഹിന്ദുത്വ വാദികള്‍ അവകാശം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോടതി ഉത്തരവ്.
Content Highlight: HC orders ASI and state govt to protect 17th century Agra monument from getting razed