ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് മുഖ്യമന്ത്രിക്ക് ഔദ്യോഗിക നിയമോപദേഷ്ടാവിനെ നിയമിക്കാമെന്നതിനെ ചോദ്യംചെയ്യുന്ന പൊതുതാല്‍പര്യ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്.
കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി സംബന്ധിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് മുഖ്യമന്ത്രിക്ക് ഔദ്യോഗിക നിയമോപദേഷ്ടാവിനെ നിയമിക്കാമെന്നതിനെ ചോദ്യംചെയ്യുന്ന പൊതുതാല്‍പര്യ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്.
ഇത്തരമൊരു പദവി അഡ്വക്കറ്റ് ജനറലിനെ മറികടക്കുന്നതാകുമോ എന്ന നിയമപ്രശ്‌നവും സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അഡ്വക്കറ്റ് ജനറലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കു പ്രത്യേക നിയമോപദേഷ്ടാവ് നിയമപരമാണോ എന്നതുമാണ് പരിശോധിക്കുന്നത്.
അഡ്വക്കേറ്റ് ജനറല്‍ സ്റ്റേറ്റിനും സര്‍ക്കാരിനുമാണ് ഉപദേശം നല്‍കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മുഖ്യമന്ത്രിക്കും. രണ്ടുപേരും വ്യത്യസ്തമണ്ഡലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ഒരു പദവി മറ്റൊന്നിനു മീതെയാകുമോ എന്നത് സാങ്കല്‍പിക സംശയമാണെന്ന് സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
നിയമോപദേഷ്ടാവായി സ്ഥാനമേല്‍ക്കുന്നില്ലെന്ന് അഡ്വ. എം.കെ. ദാമോദരന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിയമോപദേഷ്ടാവിനെ നിയമിക്കാനുള്ള തീരുമാനം ഉള്‍പ്പെടെ ജൂണ്‍ 9ലെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കണമെന്ന ആവശ്യമാണ് കോടതിക്കുമുന്നിലുള്ളത്. നിയമോപദേഷ്ടാവായി നിയമിക്കപ്പെടുന്നയാള്‍ സര്‍ക്കാരിനെതിരെ ഹാജരാകുന്നത് ശരിയല്ലെന്ന വാദവും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
നേരത്തെ ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ വിജിലന്‍സ് കേസ് നേരിടുന്ന ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനു വേണ്ടിയും പാറമട ഉടമകള്‍ക്കുവേണ്ടിയും അഡ്വ. എം.കെ. ദാമോദരന്‍ കോടതിയില്‍ ഹാജരായിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.
സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എതിര്‍ഭാഗത്തിനായി വാദിക്കുന്നയാള്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ സ്ഥാനം വഹിക്കുന്നതിലെ വൈരുധ്യതയാണ് വിവാദങ്ങളിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ സര്‍ക്കാരിനെതിരായ കേസില്‍ ഹാജരായാല്‍ അത് നിയമപരമായി നിലനില്‍ക്കില്ലെന്നും കുമ്മനം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.