മുംബൈ: വിഷാദരോഗവും ഇന്റർനെറ്റ് ഗെയിമിങ് ഡിസോഡറും ബാധിച്ച വിദ്യാർത്ഥിക്ക് പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെൻ്റ് പരീക്ഷ എഴുതാൻ അനുമതി നൽകി ബോംബൈ ഹൈക്കോടതി.
ജസ്റ്റിസുമാരായ എ.എസ്. ചന്ദ്രചൂർക്കർ രാജേഷ് പാട്ടീൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ജൂലൈ നാലിനാണ് വിദ്യാർത്ഥിക്ക് ഇംപ്രൂവ്‌മെൻ്റ് പരീക്ഷ എഴുതാനുള്ള അനുമതി നൽകിയത്.
19 വയസുള്ള ആൺകുട്ടിക്കാണ് വീണ്ടും പരീക്ഷ എഴുതാൻ അനുമതി ലഭിച്ചത്. താൻ എപ്പോഴും ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥിയാണെന്നും പതിനൊന്നാം ക്ലാസ് വരെ 85 -93 ശതമാനം മാർക്ക് വാങ്ങിയിട്ടുണ്ടെന്നും വിദ്യാർത്ഥി തന്റെ അപേക്ഷയിൽ പറഞ്ഞു.
എന്നിരുന്നാലും 2023 മാർച്ചിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ വിഷാദരോഗത്തിനും ഇന്റർനെറ്റ് ഗെയിമിങ് ഡിസോഡറിനും അടിമയായിരുന്നെന്നും അതിനാൽ 50 ശതമാനത്തിനടുത്ത് മാർക്ക് വാങ്ങാനേ സാധിച്ചിരുന്നുള്ളു എന്നും വിദ്യാർത്ഥി തന്റെ ഹരജിയിൽ പറഞ്ഞു.
2023 ജൂലൈ മുതൽ 2023 ഡിസംബർ വരെ താൻ വിഷാദത്തിനും ഉത്കണ്ഠയ്ക്കും ചികിത്സയിലായിരുന്നുവെന്ന് ഹരജിക്കാരൻ അവകാശപ്പെട്ടു.
ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നെന്നും ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ കണ്ടെത്തിയതിനാൽ 2023 ജൂലൈയിൽ നടന്ന പുനർപരീക്ഷയിൽ ഹാജരാകാൻ സാധിച്ചില്ലെന്നും ഹരജിയിൽ പറയുന്നു.
2024 മാർച്ചിൽ നടക്കുന്ന ഇംപ്രൂവ്‌മെൻ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള തൻ്റെ അപേക്ഷ വിദ്യാലയം നിരസിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാരൻ പറഞ്ഞു.
കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം, ഹരജിക്കാരൻ ഇൻ്റർനെറ്റ് ഗെയിമിങ് ഡിസോഡറിന് ചികിത്സയിലാണെന്ന് ബെഞ്ച് പറഞ്ഞു.
‘രേഖകളുടെ ആധികാരികതയിൽ സംശയിക്കപ്പെടേണ്ടതായ ഒന്നും തന്നെയില്ല. ഹരജിക്കാരന്റെ രോഗാവസ്ഥ കാരണം അയാൾക്ക് തന്റെ മാർക്ക് മെച്ചപ്പെടുത്താൻ സാധിച്ചില്ല. പരീക്ഷ എഴുതി മികച്ച മാർക്ക് നേടാൻ കുട്ടിക്ക് അവസരം നൽകേണ്ടതുണ്ട്. പ്രസ്തുത പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന ഹരജിക്കാരന്റെ വാദം സാധൂകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ആണ് സമർപ്പിച്ചിട്ടുള്ളത്. അതിനാൽ ഹരജിക്കാരന് ഇംപ്രൂവ്‌മെൻ്റ് പരീക്ഷ എഴുതാൻ അവകാശമുണ്ട്. ആവശ്യമായ ഫീസ് അടച്ചാൽ 16 മുതൽ ആരംഭിക്കുന്ന പരീക്ഷയിൽ ഹരജിക്കാരന് ഹാജരാകാൻ സാധിക്കും,’ ഹൈക്കോടതി പറഞ്ഞു.
ഗെയിമിങ്ങിന്റെ മുകളിലുള്ള നിയന്ത്രണം ക്രമാതീതമായി കുറയുന്ന രോഗാവസ്ഥയാണ് ഇന്റർനെറ്റ് ഗെയിമിങ് ഡിസോഡർ.
Content Highlight: HC lets boy suffering from internet gaming disorder take improvement exams