| Sunday, 6th September 2020, 10:51 am

കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്ന ഹരജി: ഹരജിക്കാരന്റേത് വിലകുറഞ്ഞ പബ്ലിസിറ്റി; കോടതിയുടെ സമയം പാഴാക്കിയതിന് 25000 രൂപ പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ് : മുന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി തള്ളി.

പബ്ലിസിറ്റിക്കു വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹരജിയെന്ന് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുന്‍വിചാരവും കൂടാതെ വളരെ ലാഘവത്തോടെ പബ്ലിസിറ്റി നേടാന്‍ വേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാരന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരനോട് 25,000 രൂപ കോടതിയില്‍ അടയ്ക്കാന്‍ ഉത്തരവിട്ടു.

കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാഗേശ്വര്‍ മിശ്ര എന്നയാള്‍ ഹരജി നല്‍കിയത്.

മിശ്രയുടെ അഭിഭാഷകന്‍ ശൈലേഷ് കുമാര്‍ ത്രിപാഠി ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 10-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു വാദിച്ചത്.

ഒരു വ്യക്തിയുടെ പൗരത്വം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയേക്കാവുന്ന സാഹചര്യങ്ങളാണ് വകുപ്പ് 10 പട്ടികപ്പെടുത്തുന്നത്.

പ്രവൃത്തികളിലൂടെയോ സംസാരത്തിലൂടെയോ ഭരണഘടനയോടുള്ള വഞ്ചന, വഞ്ചനയിലൂടെ പൗരത്വം നേടുക, യുദ്ധസമയത്ത് ഭരണകൂടത്തിനെതിരെ ശ്ത്രുക്കളുമായി ബന്ധപ്പെട്ട കാരണങ്ങള്‍, തുടങ്ങിയവയാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്.

ഒരു വ്യക്തിയുടെ പൗരത്വം പൊതുനന്മയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

HC junks PIL to revoke Kanhaiya Kumar’s citizenship, fines petitioner Rs 25K

Latest Stories

We use cookies to give you the best possible experience. Learn more