| Thursday, 20th June 2013, 11:40 am

വിവാഹപൂര്‍വ ലൈംഗിക ബന്ധം: കോടതി വിധി ആശ്വാസകരമെന്ന് ഖുഷ്ബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന കോടതി വിധി ഏറെ ആശ്വാസം പകര്‍ന്നിരിക്കുന്നത് തെന്നിന്ത്യന്‍ നടി ഖുഷ്ബുവിനാണ്. []

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ പരാമര്‍ശം നടത്തി പുലിവാല് പിടിച്ചയളാണ് ഖുഷ്ബു. അന്ന് ഖുഷ്ബുവിനെതിരെ വാളെടുത്തവര്‍ ഇ്ന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി കേട്ട് നിശബ്ദരായിരിക്കുകയാണ്.

കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്നും വിവാഹപൂര്‍വ ബന്ധങ്ങള്‍ സമൂഹത്തില്‍ ഉണ്ടെന്ന ഹൈക്കോടതിയുടെ തിരിച്ചറിവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്നും ഖുഷ്ബു പറഞ്ഞു.

കോടതി വിധി പിന്തിരിപ്പനല്ല. പുരുഷനുമായി വിവാഹത്തിലൂടെയല്ലാതെ ബന്ധമുണ്ടാക്കുന്നതും അതില്‍ കുട്ടികളുണ്ടാകുന്നതിലും തെറ്റൊന്നുമില്ല. കോടതിയുടെ വിധി ശരിക്കും സ്ത്രീകള്‍ക്ക് ആശ്വാസകരവും സംരക്ഷണവും നേടിക്കൊടുക്കുന്നതാണ്. ഖുഷ്ബു പറഞ്ഞു.

പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വിവാഹമായി പരിഗണിക്കാമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

ലൈംഗികബന്ധത്തില്‍ നിന്നും യുവതി ഗര്‍ഭിണിയാ യിട്ടുണ്ടെങ്കില്‍ അത് വിവാഹത്തിന് തുല്യമാണെന്ന് പറഞ്ഞ കോടതി ഗര്‍ഭമില്ലെങ്കിലും ലൈംഗികബന്ധം നടന്നതായി തെളിവുണ്ടെങ്കില്‍ അതും വിവാഹബന്ധമായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

“താലികെട്ട് , മാല കൈമാറല്‍ , മോതിരം അണിയിക്കല്‍ , വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങിയ ചടങ്ങുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ മാത്രമാണ്.

എന്നാല്‍, പ്രായപൂര്‍ത്തിയായശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അതും വിവാഹബന്ധമായി കണക്കാക്കപ്പെടണം.” കോടതി പറഞ്ഞു.

We use cookies to give you the best possible experience. Learn more