ന്യൂദല്‍ഹി: ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ഹിന്ദു ദേവതയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കാത്തിനെ തുടര്‍ന്നാണ് വിമര്‍ശനം.
‘മറ്റ് പ്രദേശങ്ങളില്‍’ നിന്നും വംശങ്ങളില്‍ നിന്നുമുള്ള ആളുകളുടെ വികാരത്തെക്കുറിച്ച് ട്വിറ്റര്‍ ശ്രദ്ധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്ന ഉപയോക്താക്കളെ തടയുന്നതിനെക്കുറിച്ചുള്ള നയം അറിയിക്കണമെന്നും ഹൈക്കോടതി തിങ്കളാഴ്ച ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
ഹിന്ദു ദേവതകള്‍ക്കെതിരെ ആവര്‍ത്തിച്ച് ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്ത ഒരു ഉപയോക്താവിനെതിരെ നടപടിയെടുക്കാന്‍ ട്വിറ്റര്‍ തയ്യാറാവാത്തതിനെക്കുറിച്ചും കോടതി പറഞ്ഞു.
എത്തീസ്റ്റ് റിപ്പബ്ലിക് എന്ന അക്കൗണ്ടില്‍ നിന്നാണ് കാളീദേവിയെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശമുണ്ടായത്.
നിലവിലെ കേസിലെ ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ടെന്നും പോസ്റ്റുകളുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്വിറ്ററിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര പറഞ്ഞു. ട്വിറ്ററിന് ഒരു വ്യക്തിയെയും തടയാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്ലാതെ ആക്ഷേപകരമായ ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവില്ലെങ്കില്‍ വ്യക്തിഗത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യില്ലെന്ന് ട്വിറ്ററിന്റെ
വാദത്തെയും കോടതി എതിര്‍ത്തു. ‘ഇതാണ് യുക്തിയെങ്കില്‍ നിങ്ങള്‍ എന്തിനാണ് ട്രംപിനെ ബ്ലോക്ക് ചെയ്തത്?’ എന്ന് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാമര്‍ശിച്ച് ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് നവീന്‍ ചൗള എന്നിവരടങ്ങുന്ന ബെഞ്ച് തിരിച്ചടിച്ചു.
കേസിനാസ്പദമായ ഉള്ളടക്കം പരിശോധിച്ച് ഐ.ടി ആക്ട് പ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്യണോ എന്ന് തീരുമാനിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.
Content Highlights: HC: If Twitter can block Trump, why not Hindu gods’ abuser?