വടകര: പീഡനക്കേസില്‍ കോടതി ശിക്ഷിച്ച ദമ്പതികള്‍ക്ക് ശിക്ഷയിളവ് നല്‍കാന്‍ ആവശ്യപ്പെട്ട് ഹരജി നല്‍കിയതില്‍ പിഴയടക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. 80,000 രൂപ പിഴയടക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ദമ്പതികള്‍ ശിക്ഷിക്കപ്പെട്ടത്.
പിഴയില്‍ 70,000 രൂപ പെണ്‍കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. കര്‍ണാടക ബേക്കല്‍ ആസന്‍ സ്വദേശിയായ വെങ്കടേശന്‍, മഞ്ജു എന്നിവര്‍ക്കാണ് പിഴയടക്കാന്‍ കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇരുവരും വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പിഴയടച്ചു. 2014 സെപ്റ്റംബര്‍ 17നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. 2012 മുതല്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പല തവണയായി ഇരുവരും ചേര്‍ന്ന് പൊള്ളലേല്‍പ്പിക്കുകയും മര്‍ദിക്കുകയും നിര്‍ബന്ധിച്ച് വീട്ടുജോലികള്‍ ചെയ്യിക്കുകയായിരുന്നുവെന്നാണ് ദമ്പതികള്‍ക്കെതിരായ കേസ്.
വടകര ഏറാമല ഹൈസ്‌കൂളിന് സമീപത്തായി താമസിച്ചുവന്നിരുന്ന ദമ്പതികള്‍ക്കെതിരെ ഏച്ചേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴുവയസുകാരി രണ്ട് വര്‍ഷത്തോളമാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്. ദമ്പതികള്‍ക്കെതിരെ കേസെടുത്തതോടെ കുട്ടിയെ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മൈസൂരു സ്വദേശികളായ ജയമ്മ, കൃഷ്ണന്‍ എന്നിവരാണ് തന്റെ യഥാര്‍ത്ഥ രക്ഷിതാക്കളെന്നാണ് കുട്ടി മൊഴി നല്‍കിയത്. കേസിന്റെ വിചാരണകള്‍ തുടരുന്നതിനിടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കിയിരുന്നു.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ രണ്ടരവര്‍ഷത്തെ തടവിന് വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി പിഴയടക്കാന്‍ ഉത്തരവിട്ടത്.
Content Highlight: HC has ordered a couple convicted in a abuse case to pay a fine for filing a plea seeking commutation of sentence