| Friday, 17th July 2020, 5:39 pm

ഗെലോട്ടിന് തിരിച്ചടി; പൈലറ്റിനും 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികള്‍ എടുക്കരുതെന്ന് സ്പീക്കര്‍ക്ക് കോടതിയുടെ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍ : രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജൂലൈ 21 വൈകീട്ട് 5 വരെ തീരുമാനമെടുക്കരുതെന്ന് കോടതി സ്പീക്കറോട് നിര്‍ദ്ദേശിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയും കൂടെയുള്ള 18 എം.എല്‍.എമാരെയും നിയമസഭയില്‍നിന്നും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പുറത്തായ എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വെള്ളിയാഴ്ച കേസ് കോടതിയുടെ പരിഗണനയിലെത്തിയിരുന്നെങ്കിലും വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരാവുന്നത്. പൈലറ്റ് വിഭാഗത്തിനായി ഹാജരായത് ഹരീഷ് സാല്‍വെയാണ്.

നിയമസഭയ്ക്ക് പുറത്തുനടക്കുന്ന കാര്യങ്ങള്‍ കൂറുമാറല്‍ വിരുദ്ധ നിയമത്തിന്റെ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു. ഇപ്പോള്‍ സംഭവിച്ചത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

വസതികളിലും ഹോട്ടല്‍ മുറികളിലും നടന്ന യോഗങ്ങളില്‍ വിപ്പ് ചുമത്താന്‍ സാധിക്കില്ല. നിയമസഭയില്‍ മാത്രമേ വിപ്പിന് നിയമസാധുതയുള്ളു. അതുകൊണ്ട് പൈലറ്റും മറ്റ് എം.എല്‍.എമാര്‍ക്കും എതിരെ നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more