ജയ്പൂര്‍ : രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ജൂലൈ 21 വൈകീട്ട് 5 വരെ തീരുമാനമെടുക്കരുതെന്ന് കോടതി സ്പീക്കറോട് നിര്‍ദ്ദേശിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയും കൂടെയുള്ള 18 എം.എല്‍.എമാരെയും നിയമസഭയില്‍നിന്നും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പുറത്തായ എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വെള്ളിയാഴ്ച കേസ് കോടതിയുടെ പരിഗണനയിലെത്തിയിരുന്നെങ്കിലും വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരാവുന്നത്. പൈലറ്റ് വിഭാഗത്തിനായി ഹാജരായത് ഹരീഷ് സാല്‍വെയാണ്.