കൊച്ചി: കോഴിക്കോട് പെണ്‍കുട്ടികളെ കടത്തിയെ കേസിലെ പ്രതിക്കെതിരെ “കാപ്പ” ചുമത്താതിരുന്നതിന് കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ കാപ്പ ചുമത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് വിമര്‍ശനം.
കാപ്പ ചുമത്തേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ കാരണം എന്താണെന്നും കോടതി ചോദിച്ചു. കലക്ടറുടെ നടപടി കോടതി വിധിയുടെ ഗുരുതര ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കലക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. വിശദീകരണം തേടുന്നതിന് സ്റ്റേറ്റ് അറ്റോര്‍ണിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതി സുഹൈല്‍ തങ്ങള്‍ക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ജാമ്യം കിട്ടാത്ത തരത്തിലുള്ള കേസാണ് പ്രതികള്‍ക്കെതിരെ ചുമത്തിയതെങ്കില്‍ കാപ്പ ചുമത്തേണ്ടതില്ലെന്ന കീഴ്‌വഴക്കം അനുസരിച്ചാണ് സുഹൈല്‍ തങ്ങള്‍ക്കെതിരെ കാപ്പ ചുമത്താതിരുന്നത്. എന്നാല്‍ കേസിലെ പ്രതിക്ക് ഹൈക്കോടതിയില്‍നിന്ന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.