കൊച്ചി: ഹേ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റിപ്പോര്‍ട്ടിന് മേല്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിച്ചെന്ന് പറഞ്ഞ കോടതി മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലേയെന്നും ചേദിച്ചു.
2021 ല്‍ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ചോദിച്ച കോടതി ബലാത്സംഗം, പോക്‌സോ കേസുകള്‍ എന്നിവ ഫയല്‍ ചെയ്യാനുള്ള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ട് പുറത്ത് വന്ന ഘട്ടത്തില്‍ മൊഴി രേഖപ്പെടുത്തിയ വ്യക്തികളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ വകുപ്പ് ഇല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പോക്‌സോ കേസ് എടുക്കാന്‍ മാത്രമെ സാധിക്കുകയുള്ളുവെന്നും പ്രായപൂര്‍ത്തി ആയവര്‍ സ്വമേധയാ വന്നാല്‍ മാത്രമെ കേസ് എടുക്കാന്‍ സാധിക്കുകയുള്ളു എന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ പ്രത്യേക അന്വേഷണസംഘത്തോട് റിപ്പോര്‍ട്ട് പഠിക്കാന്‍ ആവശ്യപ്പെട്ട കോടതി റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കാണരുതെന്നും അന്വേഷണസംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
Content Highlight: HC criticize Kerala Government on Hema committee report