| Thursday, 29th November 2018, 11:24 pm

പിറവം വിഷയത്തില്‍ വിമര്‍ശനം നടത്തിയത് സുപ്രീംകോടതി നിര്‍ദ്ദേശം അറിയാതെയെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പിറവം പള്ളിക്കേസിലും ശബരിമല സ്ത്രീപ്രവേശന വിധിയിലും സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പുണ്ടെന്ന തരത്തില്‍ ഹൈക്കോടതി വിമര്‍ശനം നടത്തിയത് സുപ്രീംകോടതിയുടെ നിര്‍ദേശം അറിയാതെ. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇറക്കിയ ഉത്തരവില്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്.

പിറവം പള്ളിക്കേസില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് അറിയാതെയാണ് ഈ ഇടക്കാല വിധി എഴുതിയതെന്നും എഴുതിയ ശേഷമാണ് സീനിയര്‍ അഭിഭാഷകന്‍ പി.രവീന്ദ്രന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതെന്നും ഈ ഉത്തരവിന്റെ 12 ആം പാരഗ്രാഫില്‍ കോടതി എടുത്തു പറയുന്നു.

അതുകൊണ്ട് പിറവംപള്ളിക്കേസില്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് സുപ്രീംകോടതി വിധിക്ക് വിരുദ്ധമാവില്ലെന്ന് ഹൈക്കോടതി പറയുന്നു. പിറവംപള്ളിക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മുമ്പില്‍ തന്നെ കഴിഞ്ഞ ആറുമാസമായി രണ്ട് റിട്ട് ഹരജികളുണ്ടെന്നും കോടതി തന്നെ ഒത്തുതീര്‍പ്പിന് സര്‍ക്കാരിന് സാവകാശം നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവ് പറയുന്നു.

“സുപ്രീംകോടതി വിധിയില്‍ സംശയത്തിനിടയില്ലെന്നിരിക്കെ ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നതെങ്ങനെ? പരസ്പരം എതിര്‍ത്തു നില്‍ക്കുന്ന സഭാവിഭാഗങ്ങളുടെ അനുമതിയോടെ മാത്രം വിധി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം എങ്ങനെ തേടാനാകും?

ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം, കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള കഴിവുകേടാണ് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് ഈ ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.

എന്നാല്‍ കോടതിയുടെ ഈ ചോദ്യങ്ങള്‍ വിമര്‍ശനമല്ലെന്നും അത് നിലപാടായും വിമര്‍ശനമായും മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വൈകീട്ട് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

“ഹൈക്കോടതി ഒരു ചോദ്യം ചോദിക്കുന്നത് ഒരു വിമര്‍ശനമായി എടുക്കേണ്ടതില്ല. സാധാരണ അഭിഭാഷകരാണല്ലോ ജഡ്ജിമാരായിട്ട് വരുന്നത്. അഭിഭാഷകര്‍ അവരുടെ വിസ്താര വേളയില്‍ അവര്‍ ആഗ്രഹിക്കുന്ന തെളിവുകള്‍ കിട്ടാന്‍ പലമാര്‍ഗങ്ങളും സ്വീകരിക്കും. ചിലപ്പോള്‍ വളരെ മയത്തിലായിരിക്കും. ചിലപ്പോള്‍ വിഷമങ്ങളുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടായിരിക്കും. അത് അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാനാണ്. ഇങ്ങനെ കാര്യങ്ങള്‍ വിശദമായി മനസിലാക്കാന്‍ വേണ്ടി പല തരത്തിലുള്ള ചോദ്യങ്ങള്‍ ജഡ്ജിമാര്‍ ചോദിച്ചെന്ന് വരും. അതില്‍ സാധാരണ രീതിയില്‍ ഒരു പിശകും ഇല്ല. എന്താണെന്ന് മനസിലാക്കാനാണ്. നമ്മള്‍ തെറ്റിദ്ധരിക്കുന്നത് നമ്മള്‍ ചോദ്യം വന്ന ഉടനെ അത് കോടതിയുടെ നിലപാടാണെന്ന് കരുതി റിപ്പോര്‍ട്ട് കൊടുക്കുകയാണ്. യഥാര്‍ത്ഥത്തില്‍ പിന്നീട് വരുന്ന കോടതി നിലപാടില്‍ ഇതിന്റെ യാതൊരു പ്രതിഫലനവും ഉണ്ടാകില്ല. ശരിയായ നിലപാട് കോടതി സ്വീകരിക്കുകയാണ്. വിവരം അറിയാനുള്ള മാര്‍ഗമാണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്, കോടതിയില്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകിച്ചും.”

“സമവായ ചര്‍ച്ചകള്‍ നടക്കുന്നത് സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണ്. ഇതേ കേസുമായി ബന്ധപ്പെട്ട് നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ ശബരിമലയും പിറവം പള്ളി കേസും കേസും വ്യത്യസ്തമാണെന്നായിരുന്നു ഹൈക്കോടതിയും ചൂണ്ടിക്കാണിച്ചത്”

We use cookies to give you the best possible experience. Learn more