കൊച്ചി: പിറവം പള്ളിക്കേസ്, ശബരിമല വിഷയങ്ങളിലെ കോടതിവിധി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം നല്‍കാതെ പറയുന്നത് വിചിത്ര ന്യായങ്ങളാണെന്ന് കോടതി പറഞ്ഞു.
ഈ ഇരട്ടത്താപ്പ് സാധാരണക്കാര്‍ക്ക് ദഹിക്കുന്നതല്ല. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നു. നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു.
പിറവത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ശബരിമലയില്‍ ചര്‍ച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.
പിറവം പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി പിറവം പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധിയെ താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. പിറവം പള്ളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ല. എന്നാല്‍ ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.
ശബരിമല വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഉന്നയിച്ച പ്രധാന ആക്ഷേപങ്ങളിലൊന്നായിരുന്നു പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലയെന്നത്. ഈ വിമര്‍ശനങ്ങള്‍ക്കാണ് കോടതി തന്നെ മറുപടി നല്‍കിയിരുന്നത്.
പിറവം പള്ളി വിധിയെയും ശബരിമല വിധിയേയും താരതമ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു.
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം സെന്റ് മേരീസ് പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്ന് ഏപ്രില്‍ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്.
രണ്ടു സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള സിവില്‍ കേസ് എന്ന നിലയില്‍ പരിഗണിച്ച ഈ കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു റോളുമില്ലയെന്നിരിക്കെയായിരുന്നു പിറവം പള്ളിയുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കിയില്ലെന്ന ആക്ഷേപവുമായി സംഘപരിവാര്‍ രംഗത്തുവന്നത്.