'സൂപ്പര്‍ 30 ക്ലാസുകള്‍ വിദ്യാര്‍ഥികളെ പറ്റിക്കുന്നു' ആനന്ദ് കുമാറിന് ഹൈക്കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം
India
'സൂപ്പര്‍ 30 ക്ലാസുകള്‍ വിദ്യാര്‍ഥികളെ പറ്റിക്കുന്നു' ആനന്ദ് കുമാറിന് ഹൈക്കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2019, 4:17 pm

പട്‌ന: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 30 വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടി പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്ന ആനന്ദ് കുമാര്‍ ഈയടുത്ത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിത്തെ ആസ്പദമാക്കി ബോളിവുഡില്‍ സൂപ്പര്‍ 30 എന്ന സിനിമയും ഈയടുത്ത് ഇറങ്ങിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ആനന്ദ് കുമാറിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിക്കുമേല്‍ ഹൈക്കോടതി ഇദ്ദേഹത്തോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 2018 ല്‍ നാലു ഐ.ഐ.ടി ഗുവാഹത്തിയിലെ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. നവംബര്‍ 26 നു മുമ്പായി കോടതിയില്‍ ഹാജരാവാനാണ് കോടതി ഉത്തരവ് .

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആനന്ദ് കുമാറിന്റെ സൂപ്പര്‍ 30 ക്ലാസുകള്‍ ജനങ്ങളെ കമ്പളിപ്പിക്കലാണെന്നാണ് വിദ്യാര്‍ഥികളുടെ പരാതിയില്‍ ആരോപിക്കുന്നത്. 2008 ന് ശേഷം സൂപ്പര്‍ 30 ക്ലാസുകള്‍ നടക്കുന്നില്ലെന്നും മാത്രവുമല്ല ഇദ്ദേഹത്തിന്റെ പരിശീലന കേന്ദ്രമായ രാമാനുജം ഗണിതശാസ്ത്ര വിദ്യാലയത്തിലെ വിദ്യാര്‍ഥികളില്‍ നിന്നും 3300 രൂപ ഫീസായി ഈടാക്കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

എല്ലാ വര്‍ഷവും ഐ.ഐ.ടി റിസല്‍ട്ട് വരുമ്പോള്‍ ഇദ്ദേഹം രാമാനുജം സ്‌കൂളിലെ കുറച്ചു വിദ്യാര്‍ഥികളെയും പുറത്തു നിന്നുള്ള വിദ്യാര്‍ഥികളെയും കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തുകയാണ് പതിവെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

ആനന്ദ് കുമാര്‍ തന്റെ പരിശീലനത്തിലൂടെ ഐ.ഐ.ടി പ്രവേശനം നേടിയെന്ന് പറയുന്ന 26 വിദ്യാര്‍ഥികളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്.

ആനന്ദ് കുമാര്‍ ഗണിത ശാസ്ത്രത്തിലെ മിശിഹയാണെന്നാണ് ധരിച്ചുവെച്ചിരിക്കുന്നതെന്നും ഐ.ഐ.ടി പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും അറിവില്ലായ്മ മുതലെടുക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2002 ല്‍ പട്‌നയില്‍ തുടക്കിമിട്ടതാണ് ആനന്ദ് കുമാറിന്റെ സൂപ്പര്‍ 30 ക്ലാസുകള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ 30 വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടി പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കും എന്നായിരുന്നു ഇവരുടെ അവകാശ വാദം.

2008ല്‍ ഇദ്ദേഹം പരീശീലനം നല്‍കിയ 30 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയില്‍ വിജയിച്ചതോടെയാണ് സൂപ്പര്‍ 30 ക്ലാസുകള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.