Kerala
എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 16, 06:04 am
Friday, 16th April 2021, 11:34 am

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ചായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇ.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വിജി അരുണ്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണം സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടാനുള്ള പൊലീസിന്റെ ശ്രമമാണ് എന്നായിരുന്നു ഇ.ഡിയുടെ വാദം.

ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇ.ഡി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇ.ഡി ആരോപിച്ചു.

ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ കോടതിയുടെ പരിശോധനയില്‍ ഇരിക്കെ വീണ്ടും കേസ് എടുത്തത് കോടതി അലക്ഷ്യമാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: HC cancels-crimebranch probe aganist ED