ലഖ്‌നൗ: 2017ല്‍ ഡോ. കഫീല്‍ ഖാനെതിരെ സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അലഹബാദ് കോടതി. സസ്‌പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയത്.
2017 ആഗസ്റ്റില്‍ ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായത്. 2017 ആഗസ്റ്റ് 22നായിരുന്നു കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തത്.
ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ ഖാനെ ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.
കഫീല്‍ ഖാനെതിരെ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുനരന്വേഷണം പിന്‍വലിച്ചുവെന്നും അദ്ദേഹത്തിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ മനീഷ് ഗോയലായിരുന്നു യോഗി സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്.
2017 ആഗസ്റ്റ് 22ന് കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം അദ്ദേഹത്തെ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ ഓഫീസിലേക്ക് മാറ്റിയിരുന്നെന്ന് മനീഷ് ഗോയല്‍ പറഞ്ഞു.
‘ആ ഓഫീസില്‍ നടന്ന വിവിധ സംഭവങ്ങളെ തുടര്‍ന്ന് പരാതിക്കാരനെതിരെ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവിടെയും സസ്‌പെന്‍ഷന്‍ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്,’ മനീഷ് ഗോയല്‍ അറിയിച്ചു.
രണ്ടാഴ്ചക്കകം സത്യാവാങ്മൂലം സമര്‍പ്പിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തോട് യു.പി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആഗസ്റ്റ് എട്ടിനായിരുന്നു ഡോ. കഫീല്‍ ഖാനെതിരെ ആരംഭിച്ച പുന:രന്വേഷണം പിന്‍വലിച്ചതായി യു.പി സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
കുറ്റമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 11 മാസത്തിന് ശേഷമാണ് അച്ചടക്കസമിതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കഫീല്‍ ഖാനെ നാല് വര്‍ഷത്തിലേറെയായി സസ്പെന്‍ഡ് ചെയ്തതിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ജൂലൈ 29ന് അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുന:രന്വേഷണം പിന്‍വലിച്ചതായി യു.പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ കോടതി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കൂടി നിര്‍ദേശിച്ചത് യു.പി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.