| Thursday, 14th September 2017, 6:25 pm

വിഴിഞ്ഞം കരാര്‍ വില്‍പ്പനയാണോയെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിക്കായി സംസ്ഥാനത്തിന്റെ സമ്പത്ത് സര്‍ക്കാര്‍ പണയപ്പെടുത്തിയെന്ന് ഹൈക്കോടതി. കരാര്‍ വില്‍പ്പനയാണോയെന്നും കോടതി ചോദിച്ചു. കരാര്‍ പരിശോധിച്ച സി.എ.ജി അമ്പരന്നെന്നും പൊതുമുതല്‍ വില്‍പ്പനയാണോ പദ്ധതിയിലൂടെ നടക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.


Also Read: ‘അങ്കത്തിനൊരുങ്ങി കൊമ്പന്മാര്‍’; പരിശീലനത്തിനായി ബ്ലാസ്റ്റേഴ്‌സ് സ്‌പെയിനിലേക്ക് പറക്കുന്നു


കരാറിലെ അവകാശവാദങ്ങളില്‍ കോടതി ഇന്നലെയും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതി വില്‍പ്പനയാണോയെന്ന് കോടതി ചോദിച്ചത്. അന്വേഷണ കമീഷന്‍ കടലാസില്‍ മാത്രമാണോയെന്ന് ചോദിച്ച കോടതി പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ നാലു മാസമായിട്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നും കമ്മിഷന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടുമില്ലെന്നും പറഞ്ഞു. കരാറിന്റെ പേരില്‍ പൊതുമുതല്‍ വില്‍ക്കുകയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

കരാര്‍ പ്രകാരം 40 വര്‍ഷം കൊണ്ട് കിട്ടുന്ന തുകയേക്കാള്‍ തിരിച്ചടക്കുകയാണെന്നും 13,947 കോടി കിട്ടുന്നയിടത്ത് അദാനിക്ക് 19,555 കോടിയാണ് നല്‍കേണ്ടി വരുന്നതെന്നും പറഞ്ഞ കോടതി, പദ്ധതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് കണ്ട് ഞെട്ടുകയായിരുന്നെന്നും പറഞ്ഞു.


Dont Miss: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍


വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് എന്തു വാണിജ്യ നേട്ടമാണ് ഉണ്ടാവുകയെന്നും സംസ്ഥാനത്തിന്റെ താല്‍പ്പര്യം കരാറിലൂടെ എങ്ങനെയാണ് സംരക്ഷിക്കപ്പെടുകയെന്നുമായിരുന്നു കോടതി ഇന്നലെ ചോദിച്ചിരുന്നത്.

കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ എതിരാണെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എന്‍.കെ.സലീം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ നടത്തിയത്.

We use cookies to give you the best possible experience. Learn more