#HBDTHALAPATHYVijay : ‘എലി മൂഞ്ചി (മുഖം) പൊലയിരിക്ക് ഇവനുടെ ഫേസ്. യാര്‍ വന്ന് കാസ് കൊടുത്ത് ഇന്ത മൂഞ്ചി തിയേറ്ററിലെ പാക്കും’… വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് സിനിമയില്‍ നായകനായ ഒരു പുതുമുഖ നടന്റെ ആദ്യ സിനിമ കണ്ട ശേഷം ഒരു സിനിമ വാരികയിലെ നിരൂപണത്തില്‍ വന്ന വാക്കുകളാണിത്.
ഒരു പുതുമുഖ നടനെ സംബന്ധിച്ചിടത്തോളം തളര്‍ന്നുപോകാന്‍ ഈ പരാമര്‍ശം ധാരാളമായിരുന്നു. പക്ഷേ ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ആ യുവാവ് തളര്‍ന്നില്ല. വീണ്ടും വീണ്ടും സിനിമകള്‍ ചെയ്തു. എലി മൂഞ്ചി എന്ന് വിളിച്ചവരെ കൊണ്ട് ഇളയ ദളപതിയെന്നും പിന്നീട് ദളപതിയെന്നും വിളിപ്പിച്ചു. ഒരാള്‍ പോലും സിനിമയ്ക്ക് കയറില്ലെന്ന് പ്രഖ്യാപിച്ചവരുടെ മുന്നില്‍ തമിഴിലെ ഏറ്റവുമധികം പണം വാരിയ, തകര്‍പ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ ചെയ്ത് കാണിച്ചു കൊടുത്തു.
സംവിധായകനും നിര്‍മാതാവുമായ എസ്.എ ചന്ദ്രശേഖറിന്റെ മകനായി 1974 ജൂണ്‍ 22 നായിരുന്നു ജോസഫ് ചന്ദ്രശേഖര്‍ വിജയിയുടെ ജനനം.’വെട്രി” എന്ന ചിത്രത്തില്‍ ബാലതാരമായാണ് വിജയ് തമിഴ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1992 ല്‍ നാളയെ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ നായകനായെത്തി.
ആദ്യ ചിത്രത്തില്‍ തന്നെ നിരൂപകര്‍ വിജയുടെ അഭിനയത്തേയും സിനിമയെയും ഒരു ദയയും ഇല്ലാതെ വിമര്‍ശിച്ചു. തുടര്‍ന്നും വിജയ് സിനിമ ചെയ്തു. നിര്‍മ്മാതാവും സംവിധായകനുമായ അച്ഛന്റെ കൈതാങ്ങ് കൂടെയുണ്ടായിരുന്നു. പക്ഷേ തമിഴ് പോലുള്ള ഒരു വലിയ സിനിമ മേഖലയില്‍ ചുവട് വെയ്ക്കാന്‍ അതുമാത്രം പോരായിരുന്നു. ഒരുപാട് താരങ്ങള്‍ വാഴുകയും വീഴുകയും ചെയ്ത ഒരുസ്ഥലത്ത് തന്റെതായ ചുവട് വെയ്ക്കാന്‍ വിജയിക്ക് ഒരു പാട് പരിശ്രമിക്കേണ്ടി വന്നു.
തുടക്കക്കാലത്ത് റൊമാന്റിക് സിനിമകളാണ് വിജയ് തുടര്‍ച്ചയായി ചെയ്തുവന്നിരുന്നത്. പതിയെ പതിയെ ആളുകള്‍ വിജയിയെ ഇഷ്ടപ്പെട്ടു തുടങ്ങി. 1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാകെ എന്ന ചിത്രത്തിന് ശേഷമാണ് വിജയിയെ ഒരു നടനായി ആളുകള്‍ അംഗീകരിച്ചു തുടങ്ങിയത്.
പിന്നീട് വണ്‍സ്മോര്‍, നേര്‍ക്കു നേര്‍, കാതുലുക്ക് മര്യാദ, തുടങ്ങി ഒരുപിടി സിനിമകള്‍. ഇതില്‍ കാതലുക്ക് മര്യാദെ എന്ന ചിത്രത്തിലൂടെ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം വിജയ് സ്വന്തമാക്കി.
1999 ല്‍ തുള്ളാത്ത മനവും തുള്ളും എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ വിജയിക്ക് സാധിച്ചു. കേരളത്തില്‍ നൂറ് ദിവസത്തിനടുത്താണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചത്.
തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഖുഷി വിജയിയുടെ താര പദവി ഉറപ്പിക്കുകയായിരുന്നു. കോമഡി, പ്രണയം, ആക്ഷന്‍, ഡാന്‍സ് എന്നിങ്ങനെ വിജയ് ചിത്രത്തിന് ഒരു ഫോര്‍മൂല തന്നെ രൂപപ്പെട്ടു. ഷാജഹാന്‍ സിനിമയിലെ ‘സരക്ക് വെച്ചിരുക്കു’ എന്ന ഗാനം തെന്നിന്ത്യ മുഴുവന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു.
തുടര്‍ന്ന് പതിയെ ആക്ഷന്‍ ചിത്രങ്ങളിലേക്ക് വിജയ് ട്രാക്ക് മാറ്റി തുടങ്ങി. 2003 ല്‍ തിരുമലൈ എന്ന ചിത്രത്തിലൂടെ വിജയ് തന്റെ സ്ഥിരം ചിത്രങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ചു തുടങ്ങുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗില്ലി എന്ന ചിത്രം വിജയ് എന്ന മാസ് ഹിറോയുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുകയായിരുന്നു. തമിഴ് സിനിമാചരിത്രം തന്നെ തിരുത്തി എഴുതി 50 കോടി നേടിയ ആദ്യ തമിഴ് ചിത്രമായി ഗില്ലി മാറി.
2007 ല്‍ പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരിയിലൂടെ വിജയ് വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ അവിടന്നങ്ങോട്ട് വിജയ്ക്ക് പരാജയത്തിന്റെ വര്‍ഷങ്ങളായിരുന്നു.
തന്റെ കരിയറിലെ അമ്പതാം ചിത്രം ‘സുറ’ ബോക്‌സോഫിസില്‍ തകര്‍ന്നടിയുന്നത് വിജയിക്ക് കണ്ടിരിക്കേണ്ടി വന്നു. ഇനി ഒരു തിരിച്ചുവരവ് വിജയിക്ക് ഇല്ലെന്ന് നിരൂപകര്‍ വിധിയെഴുതി. വിജയിയുടെ സ്ഥിരം പാറ്റേണ്‍ സിനിമകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു.
അടുത്ത ചുവട് വളരെയധികം ശ്രദ്ധിച്ചായിരുന്നു. തന്റെ പഴയകാലം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ 2011ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത കാവലനില്‍ വിജയ് അഭിനയിച്ചു. തുടര്‍ന്ന് തമിഴില്‍ എക്കാലവും കൊണ്ടാടിയ ചേട്ടന്‍-അനിയത്തി സ്‌നേഹവും കോമഡിയും ആക്ഷനും എല്ലാം നിറച്ച് ഒരു സൂപ്പര്‍ ഹീറോയായി വേലായുധത്തില്‍ അഭിനയിച്ചു.
തൊട്ടടുത്ത വര്‍ഷം ത്രി ഇഡിയറ്റ്‌സിന്റെ റീമേക്കായ നന്‍പനില്‍ അതുവരെയുള്ള വിജയ് ചിത്രങ്ങളുടെ ഒരു സ്വാധീനവുമില്ലാതെ ആക്ഷന്റെ ഒരു പരിവേഷം പോലും ഇല്ലാതെ വിജയ് അഭിനയിച്ചു. വിജയ് എന്ന നടനെ മികച്ച സംവിധായകര്‍ക്ക് ലഭിച്ചാല്‍ ഇനിയും അയാളില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാം എന്ന് തെളിയിക്കുന്നതായിരുന്നു ആ ചിത്രം.
അതേവര്‍ഷം ദീപാവലിക്ക് വിമര്‍ശകര്‍ക്ക് മറുപടിയുമായി തുപ്പാക്കി എന്ന ചിത്രത്തിലൂടെ വിജയ് തിരിച്ചെത്തി. അതുവരെയുള്ള എല്ലാ പരാജയത്തിന്റെയും ക്ഷീണം തീര്‍ക്കുന്നതായിരുന്നു ആ വിജയം.
അതേ സമയം, ആ വിജയം സിനിമയ്ക്ക് പുറത്തുള്ള ചിലരെയും അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. എക്കാലത്തെയും പോലെ വിജയിയുടെ ലക്ഷ്യവും രാഷ്ട്രീയമായിരിക്കുമോ എന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭയന്നു.
തൊട്ടടുത്തതായി വന്ന ചിത്രത്തിന്റെ ടാഗ് ലൈനും പേരും ഈ ഭയം കൂട്ടുന്നതായിരുന്നു. ‘തലൈവ’ time to lead… വിജയുടെ ആരാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതും പലരെയും അസ്വസ്ഥപ്പെടുത്തി.
ചിത്രത്തിന് തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത വിലക്കുകള്‍ വന്നു. ചിത്രം കേരളത്തില്‍ റിലീസ് ചെയ്ത് നാല് ദിവസത്തിലധികം കഴിഞ്ഞ ശേഷമായിരുന്നു തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തത്.
ഇതിന് ശേഷം മോഹന്‍ലാലിന് ഒപ്പം ജില്ല എന്ന ചിത്രത്തില്‍ വിജയ് അഭിനയിച്ചു. അതേവര്‍ഷം തുപ്പാക്കിയുടെ വിജയം അവര്‍ത്തിച്ച് എ.ആര്‍ മുരുഗദോസ് വിജയ് ടീം കത്തിയുമായി രംഗത്ത് എത്തി. ആ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ തമിഴ് ചിത്രമായിരുന്നു കത്തി.
എന്നാല്‍ 2015 ല്‍ പുറത്തിറങ്ങിയ പുലി ബോക്‌സോഫിസില്‍ തകര്‍ന്നടിഞ്ഞുവെങ്കിലും പിന്നീട് വന്ന തെറിയും മെര്‍സലും സര്‍ക്കാരും ബോക്‌സോഫിസില്‍ എതിരാളികളില്ലാതെ വിജയിയുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇടയ്ക്ക് വന്ന ഭൈരവ നിരാശപ്പെടുത്തിയെങ്കിലും. എറ്റവുമൊടുവില്‍ ബിഗിലും വിജയിയുടെ അപ്രമാതിത്വം ഉറപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലെ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി വിജയ് മാറി.
അനീതിക്ക് എതിരെ പ്രതികരിക്കുന്ന സൂപ്പര്‍ ഹിറോ ആയി വെള്ളിത്തിരയില്‍ തിളങ്ങിയ വിജയി ജീവിതത്തിലും നിലപാടുകള്‍ കൊണ്ട് താരമായി മാറി. പത്താം വയസില്‍ തന്റെ അനിയത്തിയുടെ മരണ ശേഷം മിതഭാഷിയായി മാറിയ അയാള്‍ തന്റെ സിനിമയ്ക്ക് പുറത്തും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം സംസാരിച്ചു. വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മുമ്പില്‍ തലക്കുനിച്ച് കൊടുത്തില്ല. സാമൂഹിക പ്രശ്നങ്ങളില്‍ മാധ്യമങ്ങളെ പോലും അറിയിക്കാതെ അയാള്‍ ഇടപ്പെട്ടു.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടികര്‍ സംഘം പ്രശ്നത്തില്‍ ഇടപെടുന്നതിന് മുന്‍പ് തന്നെ ചെന്നൈ മറീന ബീച്ചില്‍ ആള്‍കൂട്ടത്തിനിടയില്‍ മുഖം മറച്ച് അവരില്‍ ഒരാളായി നിന്നു.
തന്റെ സിനിമയായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാറിന്റെ വിമര്‍ശനം. വിജയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.
എന്നാല്‍ ഈ പ്രചരണത്തെ വിജയി പ്രതിരോധിച്ചത് ജോസഫ് വിജയ് എന്ന തന്റെ പേരില്‍ നിന്ന് കൊണ്ട് തന്നെയായിരുന്നു. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റര്‍ പാഡില്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന തന്റെ മുഴുവന്‍ പേര് വിജയി എഴുതി അതിലെന്താണ് തെറ്റെന്ന് ചോദിച്ചു.
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഗ്രൂപ്പിനെതിരായി നടന്ന ജനങ്ങളുടെ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആളുകളുടെ വീട്ടില്‍ അദ്ദേഹമെത്തി. ഒരു മാധ്യമങ്ങളെയും അറിയിക്കാതെ. വെടിവെപ്പിനിടെ കൊല്ലപ്പെട്ട 13 കുടുംബാംഗങ്ങളുടെ വീട്ടിലും വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. ആരാധകര്‍ കൂടുമെന്നതിനാല്‍ വളരെ രഹസ്യമായിട്ടായിരുന്നു വിജയ് ഈ കുടുംബങ്ങളെ കാണാനെത്തിയത്.
അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പ്രദേശവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് വിജയുടെ സന്ദര്‍ശനത്തെപ്പറ്റി മാധ്യമങ്ങള്‍ അറിഞ്ഞത്.
തുടര്‍ന്ന് തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ പതിവ് രീതിയില്‍ നടത്താന്‍ പാടില്ലെന്ന് ആരാധകരോട് പറഞ്ഞു. കാവേരി നദി സമരത്തിലും വെള്ളിത്തിരയ്ക്ക് പുറത്ത് അയാള്‍ ഉണ്ടായിരുന്നു.
‘നോട്ട് നിരോധനം’ നടപ്പിലാക്കിയ ഘട്ടത്തില്‍’ എത്ര വലിയ നടപടി ആയാലും 80 ശതമാനം വരുന്ന ജനതയെ തെരുവില്‍ നിര്‍ത്തുന്ന പരിഷ്‌കാരങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്ന് ‘ വിജയ് തുറന്നുപറഞ്ഞു.
സിനിമ ഇഷ്ടമായില്ല എന്ന് തുറന്നുപറഞ്ഞ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ അവരെ മോശമായി ട്രോളുകയും ബോഡി ഷെയിംമിഗ് നടത്തുകയും ചെയ്തപ്പോള്‍ അതില്‍ മാപ്പുപറയുകയും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചു വിടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് വിജയിയുടെ വീട്ടില്‍ നടന്നു. ദേശീയ മാധ്യമങ്ങളില്‍ അടക്കം അതീവ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ വന്നു. മുപ്പത് മണിക്കൂറിലധികം നീണ്ടു നിന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയാണ് ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്.
എന്നാല്‍ ഈ പരിശോധനയില്‍ അനധികൃതമായി ഒരു രൂപ പോലും വിജയിയുടെ പക്കല്‍ നിന്ന് ആദായ നികുതി വകുപ്പ് പിടികൂടിയില്ല. ഇതൊടെ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായിട്ടാണ് ഈ റെയ്ഡ് നടന്നതെന്നുള്ള ആരോപണങ്ങളും വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നു.
തമിഴ്‌നാട്ടിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളായ അണ്ണാ ഡി.എം.കെയോ ഡി.എം.കെയോ വിഷയത്തില്‍ കാര്യമായ പ്രതികരണം പോലും നടത്തിയിരുന്നില്ല.
ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 10 ന് ഡി.എം.കെയുടെ എം.പിയായ ദയനിധി മാരനാണ് പാര്‍ലമെന്റില്‍ വിജയിയുമായി ബന്ധപ്പെട്ട വിവാദം ഉന്നയിക്കുന്നത്. 2010 ന് ശേഷമാണ് വിജയ് നിരന്തരം രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാവുന്നത്. നിലപാടുകള്‍ കൊണ്ട് മാത്രമായിരുന്നില്ല അത്.
നിരവധി ഘട്ടങ്ങളില്‍ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സമമായ ഘടനയോടെ തന്നെ പ്രവര്‍ത്തിക്കുന്ന ആരാധക സംഘമാണ് വിജയിക്ക് ഉള്ളത്.
90 കളില്‍ രജനികാന്തിന് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന സ്വാധീനത്തിന് തുല്യമാണ് വിജയിക്ക് ഇന്ന് തമിഴ്‌നാട്ടില്‍ ഉള്ളത്.
തന്റെ ആരാധകരെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. ലോകം മുഴുവന്‍ ഏറ്റവും ആശങ്കയോടെ കഴിയുന്ന ഈ കൊവിഡ് കാലത്ത് തന്റെ ആരാധകരില്‍ വരുമാനം നിലച്ചവര്‍ക്ക് 5000 രൂപയുടെ സഹായം എത്തിക്കാനും വിജയ് മറന്നില്ല. അമ്പത് ലക്ഷം രൂപയാണ് ഇതിനായി താരം മാറ്റി വെച്ചത്.
ഇതിന് പുറമേ 1.3കോടി രൂപയാണ് വിവിധ സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ക്കും ഫെഫ്സി യൂണിയനുമായാണ് തുക നല്‍കിയത്.
അദ്ദേഹത്തിന് പല ലക്ഷ്യങ്ങളും ഉണ്ടായിരിക്കാം, താരമായിരിക്കാം, രക്ഷകന്‍ വേഷങ്ങള്‍ മാത്രം ചെയ്യുന്ന ഒരു ശരാശരി നടന്‍ മാത്രമായിരിക്കാം. പക്ഷേ വിജയ് എന്ന താരത്തിനും അപ്പുറത്ത് വിജയ് എന്ന മനുഷ്യന്‍ മുന്നോട്ട് വയ്ക്കുന്നത് മനുഷ്യ പക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെയാണ് വെള്ളിത്തിരയിലെ മറ്റു താരങ്ങള്‍ പറയാനും ചെയ്യാനും മടിക്കുന്ന കാര്യങ്ങള്‍ അയാള്‍ മുന്നോട്ട് വന്ന് ചെയ്യുകയും പറയുകയും ചെയ്യുന്നത്. അതുകൊണ്ടൊക്കെയാണ് ആരാധകര്‍ അയാളെ സ്‌നേഹത്തോടെ ദളപതി വിജയ് എന്ന് വിളിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡെ ദളപതി ജോസഫ് ചന്ദ്രശേഖര്‍ വിജയ്
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക