ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായതിനെ തുടര്‍ന്ന് ദല്‍ഹിയിലെ പ്രശസ്തമായ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗാ ഷെരീഫ് ഏപ്രില്‍ 30 വരെ അടച്ചിടുമെന്ന് ചെയര്‍മാന്‍ അഫ്‌സര്‍ അലി നിസാമി അറിയിച്ചു.
തലസ്ഥാനത്തെ കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് തങ്ങള്‍ തീരുമാനമെടുത്തതെന്നും അഫ്‌സര്‍ അലി പറഞ്ഞു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഉള്‍പ്പെടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെങ്കിലും ഏപ്രില്‍ 30 വരെ ദര്‍ഗ അടച്ചിടുന്നതാണ് നല്ലതെന്ന് കരുതിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ദര്‍ഗ കൂടുതല്‍ കാലം അടച്ചിടുമെന്നും അറിയിച്ചു. റമദാന്‍ മാസമായതിനാല്‍ രാജ്യമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ ദര്‍ഗയിലെത്താന്‍ സാധ്യതയുണ്ട്. അതിനാലാണ് പുതിയ തീരുമാനം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24000 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗരൂകരായിരിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. ദേശീയ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന വര്‍ധനവാണിത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക