| Sunday, 11th November 2012, 1:22 am

അഴിമതിയ്‌ക്കെതിരെ ഹസാരെ സംഘം ഭാരതയാത്ര സംഘടിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ ഗ്രൂപ്പുമായുള്ള ഭിന്നതയെ തുടര്‍ന്ന് അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മൗനം പാലിച്ച അണ്ണാ ഹസാരെ പുതിയ നീക്കവുമായി രംഗത്ത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ അഴിമതി വിരുദ്ധ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്നാണ് വാഗ്ദാനം.

സ്വന്തം ടീമിനെയും അദ്ദേഹം പ്രഖ്യാപിച്ചു. അരവിന്ദ് കെജ്‌രിവാളും മറ്റും രാഷ്ട്രീയമായി നീങ്ങുന്ന പശ്ചാത്തലത്തില്‍ ലോക്പാല്‍ സമരമുഖത്തുനിന്ന് രണ്ടു മാസം മുമ്പാണ് ഹസാരെ നാടകീയമായി പിന്മാറിയത്. ലോക്പാല്‍ ഏകോപന സമിതിയുടെ മുഖംമാറ്റി പുനഃസംഘടിപ്പിക്കുകയാണ് ഇപ്പോള്‍ ഹസാരെ ചെയ്തത്.[]

കരസേനാ മുന്‍മേധാവി വി.കെ. സിങ്ങാണ് പുതിയ താരം. 15 അംഗ ഏകോപന സമിതിയില്‍ റിട്ട. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, കിരണ്‍ ബേദി, മേധാ പട്കര്‍, അരവിന്ദ് ഗൗഡ്, രാകേഷ് റഫീഖ് തുടങ്ങിയവരുണ്ട്. അഴിമതിക്കെതിരെ ഇന്ത്യ എന്ന മുന്നേറ്റം പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഹസാരെ സംഘം പ്രസ്താവനയില്‍ പറഞ്ഞു.

ഇത് കെജ്‌രിവാള്‍  സംഘവുമായൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കിയേക്കാം. “അഴിമതിക്കെതിരെ ഇന്ത്യ”എന്ന പേര് അവരും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ ടീമംഗങ്ങള്‍ അഴിമതിക്കെതിരെ ജനുവരി 30 മുതല്‍ രാജ്യവ്യാപക പര്യടനം നടത്തുമെന്ന് ഹസാരെ പറഞ്ഞു.

ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരുകയോ, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയോ വേണം. കര്‍ഷക ഭൂമി, കര്‍ഷക പ്രശ്‌നം എന്നിവ യാത്രകളില്‍ ഏറ്റെടുക്കുമെന്നും ഹസാരെ പറഞ്ഞു.

We use cookies to give you the best possible experience. Learn more