ലോക്പാല്‍ ബില്‍: ജന്തര്‍മന്ദിറില്‍ ഹസാരെ സമരം തുടങ്ങി
India
ലോക്പാല്‍ ബില്‍: ജന്തര്‍മന്ദിറില്‍ ഹസാരെ സമരം തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2012, 11:55 am

ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നിരാഹാരം തുടങ്ങി. ജന്ദര്‍മന്തറിലെ ഹസാരെ സംഘത്തിന്റെ സത്യാഗ്രഹം ബുധനാഴ്ച മുതലാണ് ആരംഭിച്ചത്.[]

ബില്ല് നടപ്പാക്കിയില്ലെങ്കില്‍ മരണംവരെ നിരാഹാരം കിടക്കുമെന്ന് ഹസാരെ ഇന്നലെ വ്യക്തമാക്കിയിരുന്നു.

“”ജീവിച്ചിരിക്കുന്നിടത്തോളം ലോക്പാലിനു വേണ്ടി പോരാടും. എപ്പോഴും ഉപവാസം നടത്തുന്നത് എനിക്കു സന്തോഷമുള്ള കാര്യമല്ല. നിരാഹാരം കിടക്കരുതെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞതാണ്. എന്നാല്‍ സര്‍ക്കാര്‍ വഞ്ചന തുടര്‍ന്നതിനാല്‍ ഉപവാസത്തിന് നിര്‍ബന്ധിതനായതാണ്. കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും കൈകളില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമല്ല””-ഹസാരെ പറഞ്ഞു.

അതേസമയം രാഷ്ട്രീയത്തില്‍ തനിയ്ക്ക് താത്പര്യമുണ്ടെന്നും എന്നാല്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ചേരില്ലെന്നും ബദല്‍ രാഷ്ട്രീയസംവിധാനത്തിനു ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുന്‍ സമരങ്ങളിലെപ്പോലെ അനുയായികളുടെ തിരക്ക് ഇക്കുറി ജന്തര്‍ മന്ദറില്‍ ഇല്ല. ഇന്ന് രാവിലെ ഹസാരെ സമരപ്പന്തലില്‍ എത്തിയപ്പോള്‍ അഞ്ഞൂറോളം പേര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇന്ന് അവധിദിവസമായതിനാല്‍ കൂടുതല്‍ ജനങ്ങള്‍ ജന്തര്‍മന്ദിറില്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.