ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ടും ഖനി മാഫിയയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഏകദിന നിരാഹാരം നടത്തി. ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ രാവിലെ 10 മണിയോടെയാണ് നിരാഹാരം ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെ നിരാഹാരം അവസാനിച്ചു. കഴിഞ്ഞ തവണത്തേതിനു വിരുദ്ധമായി ഇത്തവണ അഴിമതി വിരുദ്ധ പ്രവര്‍ത്തകരുടെ വന്‍ പിന്തുണയാണ് സമരത്തിന് ലഭിച്ചത്.
ശക്തമായ ലോക്പാല്‍ എന്ന ആവശ്യത്തിനു പുറമെ പുതുതായി രണ്ട് ആവശ്യങ്ങള്‍ കൂടി ഇത്തവണ ഹസാരെ സംഘം മുന്നോട്ടു വെച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുക, പൊതുസമ്പത്ത് കൊള്ളയടിക്കുന്ന ഖനി മാഫിയയെ നിയന്ത്രിക്കുക എന്നിവയാണ് പുതിയ ആവശ്യങ്ങള്‍. മധ്യപ്രദേശില്‍ ഖനി മാഫിയ കൊലപ്പെടുത്തിയ ഐ.പി.എസ്. ഓഫിസര്‍ നരേന്ദ്രകുമാറിന്റെ കുടുംബം സമരത്തിനെത്തി. അഴിമതിയെക്കുറിച്ച് വിവരം നല്‍കിയതിന്റെ പേരില്‍ ജീവന്‍ നഷ്ടമായ നാല്‍പതു പേരുടെ കുടുംബാംഗങ്ങളും ഉപവാസത്തിനെത്തിയിരുന്നു.
നിലവിലെ ലോക്പാല്‍ ദുര്‍ബലമാണെന്നതും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സംരക്ഷണത്തിനും കൂടിയാണ് ഈ സമരമെന്നും അണ്ണാ ഹസാരെ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം യു.പി.എ സര്‍ക്കാറിനുള്ള മുന്നറിയിപ്പാണെന്നും ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പു നല്‍കി.
ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കാനിരിക്കെ നടത്തുന്ന ഉപവാസത്തിന് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കിയത്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ മൂന്ന് ദിവസത്തെ ഉപവാസത്തെ തുടര്‍ന്ന് ഹസാരെയുടെ ആരോഗ്യ നില മോശമായിരുന്നു. അന്ന് പ്രതീക്ഷീച്ച ജനപങ്കാളിത്തം ലഭിക്കാതിരുന്നതാണ് കൂടുതല്‍ വിഷയങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ ഹസാരെ സംഘത്തെ പ്രേരിപ്പിച്ചത്.