സംഗീതവും ഫുട്ബാളും ലോകത്തെ ഒന്നിപ്പിക്കുന്നു, ഇനി ചുണ്ടുകളില്‍ 'ഹയ്യ ഹയ്യ'; ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്ത്
Fifa World Cup
സംഗീതവും ഫുട്ബാളും ലോകത്തെ ഒന്നിപ്പിക്കുന്നു, ഇനി ചുണ്ടുകളില്‍ 'ഹയ്യ ഹയ്യ'; ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st April 2022, 9:49 pm

2022ലെ ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫ. ‘ഹയ്യ ഹയ്യ’ എന്നാണ് ഗാനത്തിന്റെ പേര്. ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറങ്ങിയത്. ട്രിനിഡാഡ് കാര്‍ഡോണ, ഡേവിഡോ, ഐഷ എന്നിവര്‍ ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. 3.35 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

മികവോടെ ഒരുമിച്ച് എന്നാണ് ഹയ്യ ഹയ്യയുടെ ആശയം. അമേരിക്കന്‍ സ്റ്റാറായ ട്രിനിഡാഡ് കാര്‍ഡോണയും ആഫ്രോ ബീറ്റ്‌സ് ഐക്കണായ ഡേവിഡോയും ഖത്തര്‍ ഗായികയായ ഐഷയും ഇതാദ്യമായാണ് ഒരു ഗാനത്തിനു വേണ്ടി ഒന്നിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിടപറഞ്ഞ അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണയാണ് വീഡിയോയില്‍ ആദ്യം എത്തുന്നത്. അമേരിക്കയുടെയും ആഫ്രിക്കയുടെയും മിഡില്‍ ഈസ്റ്റിന്റെയും ഗാന സൗന്ദര്യം പാട്ടില്‍ പ്രകടനമാണ്.

സംഗീതവും ഫുട്ബാളും ലോകത്തെ ഒന്നിപ്പിക്കുന്നതിന്റെ പ്രതീകമാവുന്നുവെന്ന് ഗാനം പുറത്തുവിട്ടതിന് പിന്നാലെ ഫിഫ കൊമേഴ്സഷ്യ ഓഫിസര്‍ കേ മഡാറ്റി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി നടക്കുന്ന ലോകകപ്പ് ഫിക്ചര്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗാനം ലൈവായി ആലപിക്കും.

അതേസമയം, ലോകകപ്പ് ഫുട്ബോളില്‍ ടീമുകളെ ഗ്രൂപ്പുകളായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. കക്ക, അഗ്യൂറോ, കഫു, ലോതര്‍ മത്തേവൂസ്, ബെക്കാം, പിര്‍ലോ, മറ്റെരാസി, മഷരാനോ അടക്കമുള്ള ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ചടങ്ങിനായി ഖത്തറിലെത്തിയിട്ടുണ്ട്.
ആകെ 29 ടീമുകളാണ് ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയത്. യൂറോപ്പിലെ യുക്രൈന്‍ അടങ്ങുന്ന ഗ്രൂപ്പിലെ പ്ലേ ഓഫും ഇന്റര്‍ കോണ്ടിനന്റ് പ്ലേ ഓഫുകളും ജൂണില്‍ നടക്കും.