| Monday, 27th March 2023, 4:08 pm

ഒരു ടീമിന് പോലും വേണ്ടാതിരുന്നവള്‍ ടൂര്‍ണമെന്റിന്റെ താരമായ കഥ, അത് വല്ലാത്തൊരു കഥയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ കിരീടം തലയിലേറ്റി നില്‍ക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഏറെ കടപ്പെട്ടിരിക്കുന്നത് ഹെയ്‌ലി മാത്യൂസ് എന്ന കരീബിയന്‍ സൂപ്പര്‍ താരത്തോടാണ്. ഫൈനലിലടക്കം 22 യാര്‍ഡ് പിച്ചില്‍ തന്റെ മാന്ത്രികത വെളിപ്പെടുത്തിയ ഹെയ്‌ലിയായിരുന്നു മുംബൈ ഇന്ത്യന്‍സിനെ താങ്ങി നിര്‍ത്തിയ തൂണുകളിലൊന്ന്.

ഡബ്ല്യൂ.പി.എല്ലിന്റെ താരലേലത്തില്‍ ആദ്യ റൗണ്ടില്‍ ഒരു ടീമും വാങ്ങാതെ പോയ താരമായിരുന്നു ഹെയ്‌ലി മാത്യൂസ്. ഒടുവില്‍ അടിസ്ഥാന വിലയ്ക്ക് താരത്തെ ടീമിലെത്തിച്ചപ്പോള്‍ ‘ദില്‍ സേ’ ആരാധകര്‍ പോലും ഈ വിന്‍ഡീസുകാരിയില്‍ നിന്നും ഒരു അത്ഭുതവും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ തനിക്ക് എന്ത് ചെയ്യാനാകും എന്നതിന്റെ ഒരു ടീസര്‍ ഹെയ്‌ലി ആരാധകര്‍ക്ക് നല്‍കിയിരുന്നു. മുംബൈ ഇന്ത്യന്‍സ് ചരിത്രം കുറിച്ച മത്സരത്തില്‍ ബാറ്റ് കൊണ്ടായിരുന്നു താരം തിളങ്ങിയത്.

ആര്‍.സി.ബിക്കെതിരായ രണ്ടാം മത്സരത്തിലും മുംബൈയെ താങ്ങിനിര്‍ത്താന്‍ ഹെയ്‌ലിയുണ്ടായിരുന്നു. 38 പന്തില്‍ നിന്നും പുറത്താകാതെ 77 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റും താരം പിഴുതെറിഞ്ഞു.

ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ മികച്ച റണ്‍ വേട്ടക്കാരിക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഹെയ്‌ലി, സീസണിന്റെ രണ്ടാം പകുതിയില്‍ ഗിയര്‍ മാറ്റുകയായിരുന്നു. ബാറ്റിങ്ങില്‍ തകര്‍ത്തടിച്ച ഹെയ്‌ലി പിന്നീട് ആക്രമണം മുഴുവനും പന്തുകൊണ്ടായി.

ഫൈനല്‍ മത്സരത്തില്‍ ദല്‍ഹിക്കെതിരായ പ്രകടനം താരത്തിന്റെ ബൗളിങ് മാന്ത്രികത വ്യക്തമാക്കുന്നതായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്! വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു അത്.

ഇതോടെ ഒരു മത്സരത്തിലെ ഏറ്റവും മികച്ച എക്കോണമി (1.25), ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ തുടങ്ങിയ റെക്കോഡും എല്ലാത്തിലുമുപരി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പും മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ പുരസ്‌കാരവും ഹെയ്‌ലി മാത്യൂസ് സ്വന്തമാക്കിയിരുന്നു.

(വുമണ്‍സ് പ്രീമിയര്‍ ലീഗിലെ മുഴുവന്‍ സ്റ്റാറ്റ്‌സുകളും റെക്കോഡും കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

എല്ലായ്‌പ്പോഴും പുത്തന്‍ താരോദയങ്ങളെ കണ്ടെത്തുന്ന മുംബൈ ഇന്ത്യന്‍സ് ഡബ്ല്യൂ.പി.എല്ലിലും ആ പതിവ് തെറ്റിച്ചില്ല. ഹെയ്‌ലിയുടെ കരിയറിലെ തന്നെ ഏറ്റവും നിര്‍ണായകമായ ടൂര്‍ണമെന്റാണ് മുംബൈ ഇന്ത്യന്‍സ് അവള്‍ക്ക് സമ്മാനിച്ചത്.

ഒരുപക്ഷേ ഒരാള്‍ പോലും ടീമിലെടുക്കാതെ അണ്‍സോള്‍ഡാവാന്‍ സാധ്യതയുണ്ടായിരുന്ന ഹെയ്‌ലിയില്‍ മുംബൈ ഇന്ത്യന്‍സ് കണ്ട ആ ഹിഡന്‍ മാജിക് തന്നെയാണ് ഇന്ത്യന്‍ ഫ്രാഞ്ചൈസി ലീഗില്‍ അവരുടെ പേരെഴുതി ചേര്‍ക്കാന്‍ കാരണമായതും.

Content highlight: Hayley Mathews’ incredible performance in WPL

We use cookies to give you the best possible experience. Learn more