| Saturday, 30th June 2012, 10:13 pm

യൂറോപ്യന്‍ വര്‍ണവെറിക്കുമേല്‍ ബെലോട്ടെലിയുടെ ഒരു ബുള്ളറ്റ് ഷോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോക്ക് ഐ/വിബീഷ് വിക്രം

ആദ്യത്തേത് ഒരു ഹെഡ്ഡറായിരുന്നു. ഇടത് വശത്ത് നിന്നും രണ്ട് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് ആന്റോണിയോ കസാനോ നല്‍കിയ ക്രോസിന് ഉയര്‍ന്ന് ചാടി ഗോള്‍പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് ചെത്തിയിട്ടു. 16 മിനിറ്റിനുശേഷം രണ്ടാമത്തെ വെടിപൊട്ടി. ഇത്തവണ നിറയുതിര്‍ന്നത് കാരിരുമ്പിന്റെ കരുത്തും നിറവും സമന്വയിച്ച ആ കാലുകളില്‍ നിന്നായിരുന്നു. മൈതനാന മധ്യത്ത് നിന്നും റിക്കാര്‍ഡോ മോണ്ടാലീവോ നല്‍കിയ പാസ് നിയന്ത്രണവരുതിയിലാക്കി പന്തുമായി ശരവേഗം മുന്നോട്ടു കുതിച്ച് പെനാര്‍ട്ടി ബോക്‌സിന് തൊട്ട് മുന്‍പില്‍ നിന്നും ഒരു ബുള്ളറ്റ് ഷോട്ട്. ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയറെ കാഴ്ചക്കാരനാക്കി പന്ത് നെറ്റിനെ ചുംബിച്ചു.

ആ നിമിഷം തുടങ്ങി ലോകമെമ്പാടുമുള്ള ഇറ്റലിക്കാരുടെയും ഇറ്റാലിയന്‍ ആരാധകരുടെയും വിജയാഘോഷങ്ങള്‍. ഇറ്റലിയിലെ തെരുവുകളിലും  മത്സരം കഴിഞ്ഞും ആഘോഷങ്ങള്‍ രാവേറെ നീണ്ടു. നിരത്തിലൂടെ ഹോണ്‍ മുഴക്കി ശരവേഗം നീങ്ങുന്ന കാറുകള്‍, പ്രകടനങ്ങള്‍, ഉച്ചത്തില്‍ മുഴങ്ങുന്ന വിജയമന്ത്രങ്ങള്‍. തുടര്‍ച്ചയായി 15 മത്സരങ്ങള്‍ ജയിച്ച് സെമിയിലെത്തിയ ജര്‍മ്മനിക്ക് മടക്കടിക്കറ്റ് നല്‍കി ഇറ്റലി യൂറോകപ്പിന്റെ ഫൈനലില്‍.

മരിയോ ബെലോട്ടെല്ലി എന്ന ഇറ്റാലിയന്‍ സ്‌ട്രൈക്കറായിരുന്നു ജര്‍മ്മനിയുടെ വിജയ പരമ്പരക്കന്ത്യം കുറിച്ച മനോഹരമായ ആ രണ്ട് ഗോളുകളുടെയും ഉടമ. ഇറ്റാലിയുടെ പുതിയ ഹീറോ. മത്സരത്തിനുശേഷം ബെലോട്ടെലിയെ വാഴ്ത്തിപ്പാടാന്‍ ഇറ്റാലിയന്‍ ആരാധകരും, മാധ്യമങ്ങളും മത്സരിക്കുകയായിരുന്നു. ഇറ്റാലിയിലെ തെരുവുകളില്‍ മുഴങ്ങിക്കേട്ട വിജയമന്ത്രങ്ങളില്‍ അധികവും ബെലോട്ടലിയെ പ്രകീര്‍ത്തിച്ച് കൊണ്ടായിരുന്നു. ജര്‍മ്മനിയ്‌ക്കെതിരായ മത്സരത്തിനുശേഷം ബെലോട്ടലിയെ വാഴ്ത്തിപ്പാടിയവര്‍ തന്നെയായിരുന്നു വര്‍ഷങ്ങളായി ഉപഭൂഖണ്ഡത്തിലെ സ്‌റ്റേഡിയങ്ങളില്‍ താരത്തെ വംശീയമായി അധിക്ഷേപിച്ച് കൊണ്ടിരുന്നതും. ബെലോട്ടെലി ഇറ്റലിക്കാരനല്ല, കറുത്ത വര്‍ഗക്കാരനായ ആഫ്രിക്കക്കാരനാ ണെന്നായിരുന്നു അതിനു കാരണമായി പറഞ്ഞത്.

സിരകളിലെ കറുപ്പ് രക്തവും തൊലിപ്പുറത്തെ നിറവ്യത്യാസവും ബെലോട്ടെല്ലിയെ ഇറ്റാലിയന്‍ കാണികളില്‍ നിന്നകറ്റി.

ഇറ്റലിയിലെ പാലര്‍മോയിലേക്ക് കുടിയേറിയ ഘാനക്കാരായ ദമ്പതികളുടെ മകനായി 1990ലാണ് ബെലോട്ടെലി ജനിച്ചത്. ചെറുപ്പത്തില്‍ രോഗത്താല്‍ വലഞ്ഞ കുഞ്ഞ് ബെലോട്ടെലിയെ ചികിത്സിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛനമ്മമാര്‍ അനാഥാലത്തിനു നല്‍കി. അവിടെ നിന്ന് ഇറ്റലിക്കാരായ ബെലോട്ടെല്ലി ദമ്പതികള്‍ താരത്തെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നു.

ഇറ്റലിയില്‍ ജനിച്ച് വളര്‍ന്നിട്ടും 18 വയസ്സിന് ശേഷമാണ് ബെലോട്ടെലിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചത്. ഇറ്റാലിയന്‍ ഭാഷ സംസാരിച്ച്, പ്രാദേശിക സ്‌കൂളില്‍ പഠിച്ച് എല്ലാ അര്‍ത്ഥത്തിലും ഒരു സാധാരണ ഇറ്റലിക്കാരനായാണ് ബെലോട്ടെല്ലി  വളര്‍ന്നത്. എന്നിട്ടും സിരകളിലെ കറുപ്പ് രക്തവും തൊലിപ്പുറത്തെ നിറവ്യത്യാസവും ബെലോട്ടെല്ലിയെ ഇറ്റാലിയന്‍ കാണികളില്‍ നിന്നകറ്റി. സ്വഭാവത്തിലെ വൈചിത്ര്യവും ഇതിന് ആക്കം കൂട്ടി. അനുസരണയില്ലാത്തവന്‍ എന്ന ദുഷ്‌പേര് ആദ്യമേ കേള്‍പ്പിച്ചു. അതേസമയം തന്റെ കഴിവുകളില്‍ മരിയോയ്ക്ക് അങ്ങേയറ്റം വിശ്വാസമുണ്ടായിരുന്നു.

തുടര്‍ച്ചയായി വംശീയ അധിക്ഷേപങ്ങള്‍ക്ക് വിധേയനാകുമ്പോഴും ഫുട്‌ബോള്‍ മൈതാനത്ത് തന്റെ പ്രതിഭയുടെ ആഴം തെളിയിച്ച് കൊണ്ടേയിരുന്നു. ലോകത്ത് രണ്ട് മുന്‍നിര ക്ലബുകള്‍ക്കായി (ഇന്റര്‍മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി) നൂറിലധികം മത്സരങ്ങള്‍, ഇറ്റലിയില്‍ ഇന്റര്‍മിലാനൊപ്പം സീരി എ, കോപ്പ ഇറ്റാലിയ, സൂപ്പര്‍ കോപ്പ ഇറ്റാലിയ കിരീട നേട്ടങ്ങള്‍,  ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടൊപ്പം പ്രീമിയര്‍ ലീഗ്, എഫ്. എ കപ്പ് കിരീടനേട്ടങ്ങള്‍, പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ആദ്യ ഇറ്റലിക്കാരന്‍, എഫ്.എ കപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച്, നേട്ടങ്ങളുടെ പട്ടിക നീളുന്നു. ഒരു 21 കാരനെ സംബന്ധിച്ചിടത്തോളം അസൂയാവഹമായ നേട്ടങ്ങള്‍.

ജര്‍മ്മനിക്കെതിരായ 2 ഗോളുകള്‍ തന്നെ വിമര്‍ശിച്ചവര്‍ക്കും അധിക്ഷേപിച്ചവര്‍ക്കുമെതിരെയുള്ള മരിയോയുടെ വ്യക്തമായ മറുപടിയായിരുന്നു. അതിനുമപ്പുറം ശക്തമായ ഒരു ആവശ്യവും. ഇനിയെങ്കിലും തന്നെയും കുടിയേറ്റക്കാരായ മറ്റ് കറുത്തവര്‍ഗക്കാരെയും ഇറ്റലിക്കാരായി കണക്കാക്കണമെന്ന ആവശ്യം.

വെളുത്തവനെയും കറുത്തവനെയും രണ്ട് കണ്ണ് കൊണ്ട് വീക്ഷിക്കുന്ന വലത് പക്ഷക്കാരായ ഒരു കൂട്ടം ഇറ്റലിക്കാര്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്തത്. പക്ഷെ മരിയോ നേടിയ രണ്ടു ഗോളുകളുടെ വിജയാഹ്ലാദത്തില്‍ ഈ വര്‍ണവെറിയന്മാരായ ന്യൂനപക്ഷവും പങ്കെടുത്തുവെന്നതാണ് സത്യം. ഒരു മാറ്റത്തിനു തുടക്കമിടുന്നതിന്റെ നേരിയ സൂചന.

കറുത്തവര്‍ഗക്കാരായ ഒരു ശരാശരി ഇറ്റലിക്കാരന് നാട്ടില്‍ ജീവിക്കുക ദുസ്സഹമാണ്. തൊലിപ്പുറത്തെ നിറവ്യത്യാസം അവരെ മറ്റുള്ളവരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. കുടിയേറ്റ കര്‍ഷനായും ക്ലീനിംഗ് തൊഴിലാളിയായും ഇവര്‍ ജീവിതം ആടി തീര്‍ക്കുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെട്ടാലും സ്ഥിതി വ്യത്യസ്തമല്ല. ബെലോട്ടെല്ലിയുടെ ജീവിതം തന്നെ ഇതിനുദാഹരണം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുശേഷം ബെലോട്ടെലിയെ കിംഗ് കോംഗിനോടുപമിച്ചാണ് ഒരു ഇറ്റാലിയന്‍ പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ആ രാജ്യത്തിന്റെ ആരാധകര്‍ കുരങ്ങിനോടപുമിച്ചതിന്  ക്രൊയേഷ്യക്കെതിരെ യുവേവ പിഴ ചുമത്തിയതിന് പിന്നാലെയാണ് സ്വന്തം രാജ്യത്തെ പ്രമുഖ പത്രം തന്നെ താരത്തെ ഈ വിധം അപമാനിച്ചത്. ഇറ്റലിയിലെ പ്രാദേശിക കൗണ്‍സലര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ബെലോട്ടെല്ലിയെ കുടിയേറ്റ തൊഴിലാളിയായി ചിത്രീകരിച്ച് രംഗത്തെത്തിയിരുന്നു. വലതുപക്ഷ സംഘടനയുടെ കൗണ്‍സിലറായ പോളോ സിയാനിയാണ് ബെലോട്ടെല്ലിയെ കുടിയേറ്റ കര്‍ഷകനാക്കിയ ചിത്രം പോസ്റ്റ് ചെയ്തത്.

തന്റെ തന്നെ വീഴ്ചകളില്‍ നിന്നാണ് ബെല്ലോട്ടെല്ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതെന്ന വാദഗതിയും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അതിലല്‍പ്പം സത്യവുമുണ്ട്. താരത്തിന്റെ സ്വഭാവം നിയന്ത്രണാതീതമാണെന്നും എന്ത്, എപ്പോള്‍ പറയുമെന്നും പ്രവര്‍ത്തിക്കുമെന്നും പറയാനാവില്ലെന്നും അതുകൊണ്ടുതന്നെ മരിയോ ഒരു യഥാര്‍ത്ഥ ചാമ്പ്യനല്ലെന്നും ഇവര്‍ വാദിക്കുന്നു. ഈ സ്വഭാവ വൈചിത്ര്യം തന്നെയാണ് ബെല്ലോട്ടെല്ലിക്കെതിരെ ഇറ്റാലിയന്‍ കാണികളെ തിരിക്കുന്നതും. എല്ലായ്‌പ്പോഴും വിമര്‍ശനങ്ങള്‍ക്കു വിധേയനാകാന്‍ വിഷയങ്ങള്‍ നല്‍കുന്നയാളാണ് ബെല്ലോട്ടെല്ലി. പ്രതിഭക്കൊപ്പം കളത്തിനകത്തെയും പുറത്തെയും ചൂടന്‍ സ്വഭാവം താരത്തിന് സ്വയം പാരയാവുകയാണ് പതിവ്.

പക്ഷെ ജര്‍മ്മനിക്കെതിരായ എണ്ണം പറഞ്ഞ 2 ഗോളുകള്‍ മരിയോയെ ഇറ്റലിക്കാര്‍ക്ക് പ്രിയപ്പെട്ടവനാക്കിയെന്ന് വേണം കരുതാന്‍. തലേന്ന് വരെ പരിഹസിച്ച മാധ്യമങ്ങള്‍ ബെല്ലോട്ടെല്ലിയെ സൂപ്പര്‍ മരിയോയാക്കി വാഴ്ത്തിക്കഴിഞ്ഞു. മത്സരത്തിനുശേഷം ബെലോട്ടെല്ലിയെ വാനോളം പുകഴ്ത്തിയാണ് ഇറ്റിലിയിലെ മിക്ക പത്രത്തങ്ങളും പുറത്തിറങ്ങിയത്.

സാധാരണയായി ഗോളുകള്‍ നേടിക്കഴിഞ്ഞാല്‍ മരിയോ അതിരു കവിഞ്ഞ ആഹ്ലാദപ്രകടനങ്ങള്‍ നടത്താറില്ല. ഇതിനെക്കുറിച്ച് തിരക്കിയപ്പോള്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ” ഗോളുകള്‍ നേടിക്കഴിഞ്ഞാല്‍, ഞാന്‍ സാധാരണ അമിത ആഹ്ലാദത്തിന് മുതിരാറില്ല. കാരണം ഞാനന്റെ ജോലി നിറവേറ്റുകയാണ് ചെയ്യുന്നത്. കത്തുകള്‍ വിലാസക്കാര്‍ക്ക് എത്തിച്ചുകഴിഞ്ഞാല്‍ അതിനെച്ചൊല്ലി പോസ്റ്റ്മാന്‍ ആഘോഷങ്ങള്‍ക്ക് മുതിരാറുണ്ടോ?” എന്നാല്‍ ജര്‍മ്മനിക്കെതിരായ തന്റെ രണ്ടാമത്തെ ഗോളിന് ശേഷം മറിയോ ഉഗ്രന്‍ ആഹ്ലാദപ്രകടനം നടത്തി. തന്റെ ജേഴ്‌സി ഊരിയെറിഞ്ഞ് കറുത്ത ശരീരത്തിലെ മതിലുകള്‍ പെരുപ്പിച്ച് മരിയോ നിന്നു. തന്നെ അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടിയെന്നവണ്ണം. മരിയോയുടെ പുറത്ത്   ഇറ്റാലിയന്‍ ജേഴ്‌സിയുടെ കളറായ നീലനിറത്തില്‍ 3 വരകളുണ്ടായിരുന്നു. മാതൃരാജ്യത്തോടുള്ള സ്‌നേഹത്തിന്റെ പ്രതീകമെന്നപോലെ.

കറുത്തവര്‍ഗക്കാരായ ഒരു ശരാശരി ഇറ്റലിക്കാരന് നാട്ടില്‍ ജീവിക്കുക ദുസ്സഹമാണ്. തൊലിപ്പുറത്തെ നിറവ്യത്യാസം അവരെ മറ്റുള്ളവരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. കുടിയേറ്റ കര്‍ഷനായും ക്ലീനിംഗ് തൊഴിലാളിയായും ഇവര്‍ ജീവിതം ആടി തീര്‍ക്കുന്നു.

ജര്‍മ്മനിക്കെതിരായ മത്സരത്തിനുശേഷം മരിയോ പറഞ്ഞു, “ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്. പക്ഷെ ഞായറാഴ്ച ഇതിലും മികച്ചതാകുമെന്നാണ് പ്രതീക്ഷ. അന്ന് സ്‌പെയിനിനെതിരെ യൂറോകപ്പ് ഫൈനലില്‍ ഞങ്ങള്‍ വിജയിക്കുമോ? ഇതിനുത്തരം ഞാന്‍ ഞായറാഴ്ച നല്‍കാം.”

കാരിരുമ്പിന്റെ കരുത്തും കറുപ്പും ഇടകലര്‍ന്ന ആ കാലുകള്‍ വീണ്ടും പുതിയ വീരഗാഥകള്‍ രചിക്കുമോ .. മരിയോയുടെ പ്രതിഭയില്‍ വിശ്വാസമുള്ളവര്‍ക്ക് അക്കാര്യത്തില്‍ സംശയമില്ല. അത് സംഭവിക്കുക തന്നെ ചെയ്യും. കാത്തിരുന്നു കാണാം.

We use cookies to give you the best possible experience. Learn more